ad
Deshabhimani

ലോൺ ആപ് തട്ടിപ്പ്

മുഖ്യപ്രതിക്കായി ലുക്കൗട്ട് നോട്ടീസ് 
പുറപ്പെടുവിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2026, 11:53 PM | 2 min read

കഴക്കൂട്ടം

​വ്യാജ ലോൺ ആപ്പുകൾ വഴി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിലെ സൂത്രധാരനും രണ്ടാം പ്രതിയുമായ ഗുജറാത്ത് സ്വദേശി റാണ മഹേഷ് ബാഹി പർഥിനെ വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തിക്കും. ഇയാളെ അഹമ്മദാബാദ് വിമാനത്താവളത്തിൽ ചൊവ്വാഴ്ച സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ്‌ പിടികൂടിയത്. ശ്രീകാര്യം പോങ്ങുംമൂട് പാലാഴി ബിൽഡിങ്സിൽ ഒന്നര മാസമായി പ്രവർത്തിച്ചിരുന്ന ‘ശ്രീധർ കോ ഇൻവോടെക് എൽഎൽപി' എന്ന സ്ഥാപനം നിയന്ത്രിച്ചിരുന്ന ഉത്തർപ്രദേശ് സ്വദേശി ആകാശ്ദീപ് ചൗധരിക്കായി അന്വേഷണം ഊർജിതമാക്കിയതായും ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. തട്ടിപ്പിൽ ആകാശിന്റെ സഹായികളായ ഡ്രൈവർ കപിൽ (26), സ്ഥാപനത്തിലെ കോൾ സെന്റർ ജീവനക്കാരായ അങ്കിത് കുമാർ (28), കുൽദീപ് കുമാർ (22), ഭാസ്കർ പാണ്ഡെ (26), മുഹമ്മദ് ഷക്കീർ (26), ഫൂൽസിങ് (26), രാകേഷ് (22), രവീന്ദ്രർ കുമാർ (38), ഗോലു (24) രത്‌നീഷ് മിശ്ര (23) എന്നിവരെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. സ്ഥാപനത്തിൽനിന്നു പിടികൂടിയ കംപ്യൂട്ടറുകളിലെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായില്ല. ആകാശ് ചൗധരിയുടെ ലാപ്ടോപ്പിലെ വിവരങ്ങൾ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ കണ്ടെടുക്കുകയും തട്ടിപ്പിന്റെ വ്യാപ്തിയും ഇരകളായവരുടെ വിവരങ്ങളും വീണ്ടെടുക്കാനുമാണ് പൊലീസിന്റെ ശ്രമം. വിദേശത്തെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ആകാശ് പണം സ്വീകരിച്ചിരുന്നതെന്നും വിവരം ലഭിച്ചു. തട്ടിപ്പിനായി ഇയാൾക്ക് രാജ്യാന്തര സഹായം ലഭിച്ചിരുന്നോ എന്നും പരിശോധിക്കുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളിൽ കൂടുതൽ പണം കൈമാറ്റം നടന്ന തെളിവുകൾ കണ്ടെത്താനായിട്ടില്ല. സഹായിച്ചത് 
അജ്‌ഞാത ഫോൺ ലോൺ ആപ് തട്ടിപ്പ് സംഘത്തെ പിടികൂടാൻ സഹായിച്ചത് പൊലീസിന്‌ ലഭിച്ച അജ്‌ഞാത ഫോൺ കോൾ. ‘കുമാരപുരത്തെ ഒരു വീട്ടിൽ ഉത്തരേന്ത്യക്കാർ വന്നുപോകുന്നു; ലഹരി ഇടപാട് സംശയിക്കുന്നു' എന്നായിരുന്നു ദിവസങ്ങൾക്കു മുന്പ്‌ ലഭിച്ച ഫോൺകോളിലെ സന്ദേശം. തൂഫാൻ ദൗത്യത്തിന്റെ ഭാഗമായി ഡാൻസാഫ് ടീം പിന്നാലെ പരിശോധനയ്ക്ക് ഇറങ്ങി. ഏതാനും ദിവസത്തെ രഹസ്യനിരീക്ഷണത്തിനൊടുവിൽ തിങ്കൾ വൈകിട്ട് വീടിനകത്തേക്കു കയറി. ലഹരി വസ്‌തുക്കൾ കണ്ടെത്താനായില്ലെങ്കിലും സംശയാസ്‌പദമായ വിവരങ്ങൾ അവിടെ ഉള്ളവരിൽനിന്നു ലഭിച്ചു. കംപ്യൂട്ടറുകൾ പരിശോധിച്ചപ്പോഴാണ്‌ തട്ടിപ്പ്‌ പുറത്തായത്‌. ജീവനക്കാരെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തപ്പോൾ കൂടുതൽ വിവരങ്ങളും കിട്ടി. തുടർന്നാണ്‌ സംഘത്തലവന്മാരിലേക്ക്‌ അന്വേഷണം വ്യാപിപ്പിച്ചതും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റാണ മഹേഷ് ബാഹി പർഥിനെ അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന്‌ പിടികൂടിയതും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home