ad
Deshabhimani

ആളും ആരവവുമില്ല

വെറും ബിസിനസ്‌ ലീഗായി കെസിഎൽ

കെസിഎൽ നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്റ്റേഡിയത്തിൽ ഒഴിഞ്ഞുകിടക്കുന്ന ഗ്യാലറി

കെസിഎൽ നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്റ്റേഡിയത്തിൽ ഒഴിഞ്ഞുകിടക്കുന്ന ഗ്യാലറി

avatar
സ്വന്തം ലേഖകൻ

Published on Aug 21, 2026, 11:53 PM | 1 min read

 തിരുവനന്തപുരം

ആളും ആരവവുമില്ലാതെ ഒഴിഞ്ഞ ഗ്യാലറികളെ സാക്ഷിയാക്കി വീണ്ടും കേരള ക്രിക്കറ്റ്‌ ലീഗ്‌ തുടങ്ങി. 45,000 പേർക്ക്‌ ഇരിക്കാവുന്ന കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്റ്റേഡിയത്തിൽ 1000 പേരുപോലും കാണാനില്ലാതെയാണ്‌ മത്സരങ്ങൾ നടക്കുന്നത്‌. ക്രിക്കറ്റിന്‌ ഏറെ ആരാധകരുള്ള കേരളത്തിൽ കാണികളെ എത്തിക്കാൻ കഴിയാത്തത് എന്തുകൊണ്ടെന്ന ചോദ്യം ഉയരുകയാണ്‌. ‌ കെസിഎയുടെ കച്ചവടതാൽപ്പര്യം കൊണ്ടുമാത്രമാണ്‌ കെസിഎല്ലിന്റെ നിറംമങ്ങിയതെന്ന ആരോപണം ഉയരുന്നുണ്ട്‌. പരിപാടിക്ക് വേണ്ടത്ര പ്രചാരണം നൽകാനും കെസിഎ താൽപ്പര്യം കാണിച്ചില്ല. മുഖ്യധാരാ മാധ്യമങ്ങളെ തെരഞ്ഞുപിടിച്ച്‌ ഒഴിവാക്കി, താൽപ്പര്യമുള്ള മാധ്യമസ്ഥാപനങ്ങളെമാത്രമാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. തങ്ങൾക്ക്‌ വരുമാനമുണ്ടാക്കാനുള്ള പദ്ധതിയായിമാത്രമാണ്‌ കെസിഎ ലീഗിനെ കാണുന്നതെന്നതിന്‌ ‘കളിക്കാരുടെ വളർച്ച’ മറ്റൊരു തെളിവാണ്‌. കേരളത്തിൽനിന്ന്‌ പുതിയ താരങ്ങളെ വളർത്തിയെടുക്കുമെന്ന അവകാശവാദങ്ങൾ വെറും തട്ടിപ്പായി. ഒരു താരത്തിനെയും ഇന്ത്യൻ ടീമിലേക്ക്‌ സംഭാവന ചെയ്യാൻ കഴിഞ്ഞ രണ്ട്‌ സീസണും കഴിഞ്ഞിട്ടില്ല. ചിലർ ഐപിഎല്ലിൽ കേറിയതാകട്ടെ സ്വന്തം പ്രയത്നത്തിലാണ്. രണ്ട്‌ സീസണുകളിൽ ലേലത്തിൽ പങ്കെടുത്തിട്ടും ഒരു ടീമിലും ഇടംനേടാത്ത ഒരു കളിക്കാരൻ പിന്നീട്‌ ഇന്ത്യൻ ടീമിൽ ഇടംപിടിച്ചതും ക്രിക്കറ്ററാകാൻ ആഗ്രഹിക്കുന്നവർക്ക്‌ കെസിഎൽ ഒരു സഹായവും ചെയ്യുന്നില്ലെന്നതിന്റെ തെളിവാണ്‌. ഇന്ത്യയിലെ പ്രാദേശിക ടി20 ലീഗുകളിൽ കെസിഎൽ ഒന്നാമതെത്തി എന്നാണ്‌ ക്രിക്കറ്റ്‌ അസോസിയേഷന്റെ അവകാശവാദം. ഇതാകട്ടെ ലൈവ്‌ സ്‌ട്രീമിങ്‌, ഓൺലൈൻ സ്‌ട്രീമിങ്‌ എന്നിവയിലൂടെ ലഭിച്ച പ്രേക്ഷകപ്രീതിമാത്രമാണ്‌. ‌മുൻ ഇന്ത്യൻ താരം ശ്രീശാന്ത്‌ ഉൾപ്പെടെയുള്ളവരെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ വിലക്കാനുള്ള നീക്കവും കെസിഎ നടത്തി. ഒരു ടീമിന്റെ സഹ ഉടമകൂടിയായ ശ്രീശാന്തിനെ തിരിച്ചെടുക്കാൻ നിർബന്ധിതരായത്‌ ഫ്രാഞ്ചൈസി നഷ്‌ടപ്പെടും എന്നതിനാലാണെന്നും ആക്ഷേപമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home