ad
Deshabhimani

കോഫി ഹൗസ് സഹകരണ സംഘം; അംഗങ്ങളെ ചേർക്കുന്നത് ഹൈക്കോടതി തടഞ്ഞു

coffee house court
വെബ് ഡെസ്ക്

Published on Aug 22, 2026, 01:00 AM | 1 min read

കൊച്ചി : തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസ് സഹകരണ സംഘത്തിൽ പുതിയ അംഗങ്ങളെ ചേർക്കുന്നത് ഹൈക്കോടതി രണ്ടാഴ്‌ചത്തേക്ക്‌ തടഞ്ഞു. ജനറൽ വർക്കർ നിയമനത്തിന്റെ മറവിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതും ഓഹരിത്തുക ഈടാക്കുന്നതിനുമെതിരെ ഇന്ത്യൻ കോഫി ബോർഡ് എപ്ലോയീസ് യൂണിയൻ സെക്രട്ടറി സി കെ രാജേഷും മറ്റും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ഇടക്കാല ഉത്തരവ്. ഇന്ത്യൻ കോഫി ഹൗസിൽ എഴുത്തുപരീക്ഷയിലൂടെയല്ലാതെ ജനറൽ വർക്കർമാരെ നിയമിക്കുന്നത് കോടതി വിധിയുടെ തീർപ്പിന് വിധേയമായിരിക്കുമെന്ന് നേരത്തേ ഉത്തരവിട്ടിരുന്നു. നിയമനം നടത്താമെങ്കിലും ജീവനക്കാരെ സംഘത്തിൽ അംഗമാക്കുന്നതിനാണ് കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.


2015 മുതൽ 2022 വരെ കാലയളവിൽ നടത്തിയ ജനറൽ വർക്കർ നിയമനത്തിൽ അന്വേഷണം നടത്തണമെന്ന് വ്യവസായവകുപ്പ് ഡയറക്ടറോട്‌ കോടതി നിർദേശിച്ചിട്ടും പാലിച്ചില്ലെന്ന് ഹർജിക്കാർ ആരോപിച്ചു. എഴുത്തുപരീക്ഷ നിർബന്ധമാക്കിയ മുൻ ഉത്തരവ് ഒഴിവാക്കി വ്യവസായവകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ച പുതിയ ഉത്തരവ് നിയമപരമല്ലെന്നും പരാതിക്കാരുടെ വാദം കേൾക്കാതെ നിലവിലുള്ള മാർഗനിർദേശങ്ങളിൽ ഇളവ് അനുവദിച്ചതിന് ന്യായീകരണമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഒറ്റതവണത്തേക്ക് മാത്രമായി എഴുത്തുപരീക്ഷ ഒഴിവാക്കിയ വ്യവസായവകുപ്പ് ഡയറക്ടറുടെ നടപടി കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഹർജിയിലുണ്ട്‌. ഹർജി ഫയലിൽ സ്വീകരിച്ച കോടതി കോഫി ഹൗസ് ഭരണസമിതിക്ക് നോട്ടീസ് നൽകി. ഹർജിക്കാർക്കുവേണ്ടി അഡ്വ. പി പി താജുദീൻ ഹാജരായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home