ad
Deshabhimani

സ്‌കൂൾ ബച്ചാവോ ആന്ദോളൻ 
ശക്തമാക്കാൻ എസ്‌എഫ്‌ഐ

sfi
avatar
സ്വന്തം ലേഖകൻ

Published on Aug 22, 2026, 01:00 AM | 2 min read

ന്യ‍ൂഡൽഹി : കഴിഞ്ഞവർഷം ഡിസംബറിൽ ആരംഭിച്ച സ്‌കൂൾ ബച്ചാവോ ആന്ദോളൻ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്‌ എസ്‌എഫ്‌ഐ. പ്രക്ഷോഭത്തിന്റെ ഭാഗമായി മുഴുവൻ സംസ്ഥാനങ്ങളിലെയും സ്‌കൂ‍ളുകൾ സന്ദർശിച്ച്‌ റിപ്പോർട്ടുകൾ തയ്യാറാക്കും. സ്‌കൂൾ അടച്ചുപൂട്ടൽ, ലയിപ്പിക്കൽ എന്നിവ മ‍ൂ‍ലം പഠിപ്പ്‌ മുടങ്ങിയ വിദ്യാർഥികളെ കണ്ടെത്തി സംഘടിപ്പിക്കും. അടിസ്ഥാന സ‍ൗകര്യം മെച്ചപ്പെടുത്താനും പൂട്ടിയ സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനായി നാട്ടുകാരെ ഉൾപ്പെടുത്തി പ്രതിഷേധം സംഘടിപ്പിക്കും. പ്രക്ഷോഭത്തിന്റെ ഭാഗമായി പത്ത്‌ കോടി ഒപ്പ്‌ ശേഖരിക്കും. ബ്ലോക്ക്‌, സബ്‌ഡിവിഷൻ, ജില്ലാതലങ്ങളിലെ ഓഫീസുകളിൽ സ്‌കൂ‍ളുകളുടെ സ്ഥിതിയെ സംബന്ധിച്ച്‌ നിവേദനം നൽകും.

സംസ്ഥാന തലത്തിൽ കൺവൻഷനുകൾ, നിയമസഭാ, രാജ്‌ഭവൻ മാർച്ചുകൾ എന്നിവ സംഘടിപ്പിക്കും. സാക്ഷരതാദിനമായ സെപ്‌തംബർ എട്ടിന്‌ സുർജിത്‌ ഭവനിലാണ്‌ ആദ്യ കൺവൻഷൻ സംഘടിപ്പിക്കുക.


പൊതുവിദ്യാഭ്യാസ സംവിധാനത്തിലേക്ക്‌ കൂടുതൽ ഫണ്ട്‌ അനുദിക്കുക, ദേശീയ വിദ്യാഭ്യാസ നയം റദ്ദാക്കുക, അടച്ചുപൂട്ടിയ മുഴുവൻ സർക്കാർ സ്‌കൂളുകളും തുറക്കുക‍‍, 1:20 അനുപാതത്തിൽ അധ്യാപകരെ നിയമിക്കുക‍‍, അടിസ്ഥാന സ‍ൗകര്യം മെച്ചപ്പെടുത്തുക, കൊഴിഞ്ഞുപോക്ക്‌ തടയുന്നതിനുള്ള നടപടികളെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ എസ്‌എഫ്‌ഐ പ്രധാനമായും ഉന്നയിക്കുന്നതെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടചാര്യ‍, വൈസ്‌ പ്രസിഡന്റ്‌ സുഭാഷ്‌ ജാഖഡ്‌, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സൂരജ്‌ ഇളമൺ, കാന്തി കുമാരി, ഡൽഹി സംസ്ഥാന പ്രസിഡന്റ്‌ നാദിയ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയുടെ പ്രസിദ്ധീകരണമായ സ്റ്റുഡന്റ്‌സ്‌ സ്‌ട്രഗിളിന്റെ പ്രത്യേക പതിപ്പും വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു.


496 ദിവസത്തെ പോരാട്ടത്തിന്‌ വിജയം


വിദ്യാർഥി വിരുദ്ധ നിലപാടുകൾക്കെതിരെ പ്രതിഷേധിച്ചതിനെത്തുടർന്ന്‌ ഡൽഹിയിലെ അംബേദ്‌കർ സർവകലാശാല പുറത്താക്കിയ എസ്‌എഫ്‌ഐ പ്രവർത്തകരെ തിരിച്ചെടുക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന പ്രസിഡന്റ്‌ നാദിയ, സംസ്ഥാന കമ്മിറ്റി അംഗവും മുൻ യൂണിറ്റ്‌ സെക്രട്ടറിയുമായ ഷെഫാലി, സംസ്ഥാന കമ്മിറ്റി അംഗവും മുൻ യ‍ൂണിയൻ ഭാരവാഹിയുമായ ശരണ്യ വെർമ, മുൻ യൂണിയൻ ഭാരവാഹി സുബോജീത്‌ എന്നിവരെ പുറത്താക്കിയ സര്‍വ്വകലാശാലയുടെ ഉത്തരവാണ് ജസ്റ്റിസ്‌ ജസ്‌മീത്‌ സിങ്‌ റദ്ദാക്കിയത്‌. സുബോജീത്‌ പിഎച്ച്‌ഡി വിദ്യാർഥിയും മറ്റ്‌ മൂ‍ന്നുപേർ പിജി വിദ്യാർഥികളുമാണ്‌.


496 ദിവസത്തിന്‌ ശേഷം ഇവര്‍ ക്ലാസിൽ പ്രവേശിച്ചു. എസ്‌എഫ്‌ഐ പ്രവർത്തകരും മറ്റും ചേർന്ന്‌ സ്വീകരിച്ചു. എബിവിപി പ്രവർത്തകരുടെ റാഗിങ്ങിനെ തുടർന്ന്‌ വിദ്യാർഥിനി ആത്മഹത്യയ്ക്ക്‌ ശ്രമിച്ചതിന്‌ പിന്നാലെ നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. സംഘടനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഡൽഹിയിലെ ഏക സംസ്ഥാന സർവകലാശാലയാണിത്.ഇവിടെ തുടർച്ചയായി യൂണിയൻ ഭരണം എസ്‌എഫ്‌ഐയ്‌ക്കാണ്‌. ഡൽഹിയിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്‌ മുതൽ ‌എസ്‍എഫ്ഐയെ ദുർബലപ്പെടുത്താൻ അധികൃതര്‍ നടത്തുന്ന ശ്രമങ്ങൾക്കാണ്‌ കോടതിയിൽ നിന്ന്‌ തിരിച്ചടിയേറ്റത്‌. ചരിത്രപരമായ വിധിയിലൂടെ കാന്പസ്‌ ജനാധിപത്യം വിജയിച്ചെന്ന് ഡല്‍ഹി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സൂരജ്‌ ഇളമൺ പറഞ്ഞു. സിപിഐ എം വിദ്യാർഥികളെ അഭിവാദ്യം ചെയ്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home