വേതനമില്ലാതെ ഫിഷറീസ് ലൈഫ് ഗാർഡുകൾ

ചിറയിൻകീഴ്
ദിവസവേതനക്കാരായ ഫിഷറീസ് ലൈഫ് ഗാർഡുകൾക്ക് പണം ലഭിച്ചിട്ട് അഞ്ചുമാസം. അതീവ അപകടസാധ്യതയുള്ള മുതലപ്പൊഴിയിലടക്കം രക്ഷാപ്രവർത്തനത്തിലേർപ്പെടുന്ന മത്സ്യത്തൊഴിലാളികളായ ലൈഫ് ഗാർഡുകളാണ് അധികൃതരുടെ കടുത്ത അവഗണന നേരിടുന്നത്. 12 മണിക്കൂർ ജോലി ചെയ്യുന്ന ഇവർക്ക് 21,000 രൂപയാണ് മാസം നൽകിയിരുന്നത്. കൃത്യമായി ലഭിക്കാതായതോടെ ഇവരുടെ കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വിഴിഞ്ഞം, പൂവാർ, പൂന്തുറ, അഞ്ചുതെങ്ങ്, മാമ്പള്ളി മേഖലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇവർ. രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ജോലി ചെയ്യുന്ന ടൂറിസം വകുപ്പിലെ ലൈഫ് ഗാർഡുകൾക്ക് 28,000 രൂപയും 15 ദിവസം ജോലി ചെയ്യുന്ന കോസ്റ്റൽ വാർഡന്മാർക്ക് 30,000 രൂപയും ലഭിക്കുന്പോഴാണ് നൽകിവന്ന പരിമിതമായ തുകപോലും ഇവർക്ക് ലഭിക്കാതായത്. ദീർഘനേരത്തെ ജോലിയും കുറഞ്ഞ വേതനവും മാസങ്ങളായുള്ള കുടിശ്ശികയും പലരെയും മറ്റ് തൊഴിലുകൾ തേടാൻ പ്രേരിപ്പിക്കുന്നു. അപകടകരമായ ജോലിയിൽ ഏർപ്പെടുന്ന ഇവർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളോ ഇൻഷുറൻസ് പരിരക്ഷയോ ഒരുക്കിയിട്ടില്ല. ജോലിസമയം പുനഃപരിശോധിക്കുക, ന്യായമായ വേതനം ഉറപ്പാക്കുക, സമാന വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തി വേതനത്തിലെ അസമത്വം പരിഹരിക്കുക, കുടിശ്ശിക ഉടൻ അനുവദിക്കുക, കൃത്യമായ വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫിഷറീസ് മന്ത്രിക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ഇവർ പറയുന്നു. മീൻപിടിക്കാനായി അപകടത്തിൽപ്പെടുന്ന വള്ളങ്ങളിൽനിന്ന് കടലിലേക്ക് തെറിച്ചുവീഴുന്നവരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുന്ന ലൈഫ് ഗാർഡുമാരെയാണ് അവഗണിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.










0 comments