മുതലപ്പൊഴി
ഡ്രഡ്ജിങ് 60 ശതമാനം പൂർത്തീകരിച്ചു

തിരുവനന്തപുരം
മുതലപ്പൊഴി ഭാഗത്തും ചാനലിലും അടിഞ്ഞുകൂടിയ മണ്ണ് നീക്കൽ ദ്രുതഗതിയിൽ നടക്കുന്നതായും ഡ്രഡ്ജിങ് 60 ശതമാനവും പൂർത്തീകരിച്ചതായും ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയർ ന്യൂനപക്ഷ കമീഷനെ അറിയിച്ചു. മുതലപ്പൊഴിയിലെ അപകട പരമ്പരയെ തുടർന്ന് കമീഷൻ സ്വമേധയാ എടുത്ത കേസിലാണിത്. സിറ്റിങ്ങിൽ ചെയർമാൻ അഡ്വ. എ എ റഷീദ് ഹർജികൾ പരിഗണിച്ചു. മണ്ണ് നീക്കൽ ഇൗ മാസം പൂർത്തിയാക്കും. അഴിമുഖത്ത് നിലവിൽ അപകടങ്ങളൊന്നുമില്ലെന്നും മൺസൂണിന് മുമ്പ് ഡ്രഡ്ജിങ് പ്രവൃത്തികൾ പൂർത്തിയാക്കി അഴിമുഖം പൂർണമായും അപകടരഹിതമാക്കാൻ അധികൃതർക്ക് നിർദേശം നൽകണമെന്നും തീരദേശ പൊലീസ് മേധാവി റിപ്പോർട്ട് നൽകി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ച് പ്രവൃത്തികൾ പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാഭരണ നേതൃത്വത്തോട് നിർദേശിച്ചു. അപകടത്തിൽ ജീവഹാനി സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്ത മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം നൽകുന്നതിനുള്ള മത്സ്യബന്ധന വകുപ്പിന്റെ നിർദേശം ദുരന്ത നിവാരണ വകുപ്പിന്റെ പരിഗണനയിലാണെന്ന് മത്സ്യബന്ധന വകുപ്പ് ഡയറക്ടർ കമീഷനെ അറിയിച്ചു. ധനസഹായം നടപ്പ് സാമ്പത്തിക വർഷം തന്നെ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കമീഷൻ ഡയറക്ടർക്ക് നിർദേശം നൽകി.










0 comments