ഡി കെ ശിവകുമാർ കോളേജ് മാനേജ്മെന്റ് സെക്രട്ടറി ‘
ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തി’യെന്ന് അവൻ അന്നേ പറഞ്ഞു

സ്വന്തം ലേഖകൻ
Published on May 03, 2026, 10:56 PM | 1 min read
വിളപ്പിൽ
ആദിത്യന്റെ മരണത്തിനുശേഷം ബംഗളൂരു ബിടിഎൽ സ്‌കൂൾ ഓഫ് നഴ്‌സിങ് കോളേജില വിദ്യാർഥി ചൂഷണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കോളേജ് മാനേജ്മെന്റിനെതിരെ ആരോപണവുമായി നിരവധി കുട്ടികൾ രംഗത്തുവന്നു. 15 വിദ്യാർഥികളുടെ ആത്മഹത്യക്ക് കോളേജ് അധികൃതർ വഴിയൊരുക്കിയെന്നും നിരവധി പേർ പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെന്നും ആരോപണമുയരുന്നു. വിദ്യാർഥിവിരുദ്ധ നടപടികൾക്കെതിരെ പ്രതികരിക്കുന്നവരെ സന്ദീപ് പാണ്ഡെ, ഹർഷൻ എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ തെരഞ്ഞുപിടിച്ച് കാരണങ്ങൾ ഉണ്ടാക്കി മർദിക്കുകയാണ്. ഇത് ചോദ്യംചെയ്താൽ ലഹരി കേസിൽ പെടുത്തുമെന്നും പഠനം അവസാനിപ്പിക്കേണ്ടി വരുമെന്നുമാണ് ഭീഷണി. പൊലീസിനടക്കം ഈ വിഷയങ്ങളെക്കുറിച്ച് ധാരണ ഉണ്ടെങ്കിലും മാനേജ്മെന്റിന്റെ രാഷ്ട്രീയസ്വാധീനം ഭയന്ന് കണ്ടില്ലെന്നു നടിക്കുകയാണ്. വലിയ തുക ഫീസിനത്തിൽ വാങ്ങിയാൽ രസീത്‌പോലും നൽകില്ല. അരുവിക്കര സ്വദേശി ആദിത്യന് രണ്ടുലക്ഷം രൂപയുടെ ഫീസ് വാങ്ങിയതിന്റെ രസീത് നൽകാനുണ്ട്. ഏപ്രിൽ 20ന് വീട്ടിൽനിന്ന് മടങ്ങുന്നതിനുമുന്പ്, ആരോപണം ഉന്നയിച്ച് തന്നെ പെടുത്താൻ ശ്രമിക്കുന്നു എന്നും താൻ അധ്യാപകരുടെ ബ്ലാക്ക് ലിസ്റ്റിൽപ്പെട്ടു എന്നും ആദിത്യൻ അമ്മയോട് പറഞ്ഞിരുന്നു. കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറാണ് കോളേജ് മാനേജ്മെന്റ് സെക്രട്ടറി. ഈ രാഷ്ട്രീയബന്ധം കാരണം പൊലീസ് പ്രതികളെ ചോദ്യം ചെയ്യാനോ ആദിത്യന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കാനോ തയ്യാറായിട്ടില്ല. ആദിത്യനെ അപമാനിച്ച സന്തോഷ് പാണ്ഡെ എന്ന അധ്യാപകനെയും പ്രതി ചേർത്തിട്ടില്ല. ഈ അധ്യാപകനെതിരെ മുന്പും സമാനമായ പരാതികളുണ്ടായിട്ടുണ്ട്.










0 comments