പ്രക്ഷോഭം ഫലം കണ്ടു
മുതലപ്പൊഴി പുലിമുട്ട് നിർമാണം പുനരാരംഭിച്ചു

മുതലപ്പൊഴിയിൽ പുലിമുട്ട് നിർമാണം പുനരാരംഭിക്കുന്നു
ചിറയിൻകീഴ്
മുതലപ്പൊഴി തുറമുഖത്തെ തെക്കേ പുലിമുട്ടിന്റെ നിർമാണപ്രവർത്തനങ്ങൾ ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്ന് പുനരാരംഭിച്ചു. മഴയും കടൽക്ഷോഭവും കാരണം നിർമാണ ജോലികൾ അഞ്ചുമാസമായി നിർത്തിവച്ചിരുന്നു. 220 മീറ്റർ ഇതിനകം പൂർത്തിയായി. 205 മീറ്ററാണ് ഇനി നിർമിക്കേണ്ടത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തോടെ പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 177 കോടി രൂപ ചെലവഴിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. നിലവിലെ പുലിമുട്ടിന്റെ നിർമാണം അശാസ്ത്രീയമാണെന്നും കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കുമെന്നും മത്സ്യത്തൊഴിലാളികൾ ആക്ഷേപം ഉന്നയിച്ചിരുന്നു. ജൂലൈ, ആഗസ്ത് മാസങ്ങളിൽ നിരവധി അപകടങ്ങളുമുണ്ടായി. ഒരാൾ മരിച്ചു. ഒരാളെ കാണാതായി. നിരവധി തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. പുലിമുട്ടിന്റെ തുടർനിർമാണ പ്രവൃത്തികൾക്കായി എഴുപതിനായിരത്തോളം ടൺ പാറ മുതലപ്പൊഴിയിൽ എത്തിച്ചിട്ടുണ്ട്. നിർമാണം വേഗത്തിലാക്കാൻ ദിവസവും 2000 മുതൽ 3000 ടൺവരെ പാറ എത്തിക്കാനാണ് കമ്പനി ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. മാർച്ചിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുലിമുട്ടിന് സമീപം വടംകെട്ടി ബോയകൾ സ്ഥാപിച്ച് സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിക്കാനും ഹാർബർ എൻജിനിയറിങ് വകുപ്പ് നടപടി സ്വീകരിക്കുകയാണ്.










0 comments