ബിജെപി കൗൺസിലർ കൊടുംക്രിമിനൽ

ചൊവ്വ രാത്രി സുഗതനെ പിടികൂടി പൊലീസ് ജീപ്പിലേക്ക് കയറ്റിയപ്പോൾ

സ്വന്തം ലേഖകൻ
Published on Jun 11, 2026, 12:00 AM | 1 min read
തിരുവനന്തപുരം
കാപ്പ നിയമപ്രകാരം പൊലീസ് പിടികൂടി ജയിലിലടച്ച വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ കൊടുംക്രിമിനൽ. വട്ടിയൂർക്കാവ് സ്റ്റേഷനിൽമാത്രം രണ്ട് വധശ്രമമടക്കം ഏഴുകേസിൽ പ്രതിയാണിയാൾ. വീടുകയറി ആക്രമണം, നരഹത്യാശ്രമം, സ്‌ത്രീകളോട് അപമര്യാദയായി പെരുമാറൽ, പൊതുസ്ഥലത്ത് ക്രമസമാധാനപ്രശ്‌നം സൃഷ്‌ടിക്കൽ തുടങ്ങിയവയാണ് മറ്റ് കേസുകൾ. വട്ടിയൂർക്കാവ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. കാപ്പനിയമം ചുമത്തിയതിനാൽ പിടികൂടി നേരിട്ട് സെൻട്രൽ ജയിലിലേക്കാണ് മാറ്റിയത്. അപ്പീൽ കമ്മിറ്റി ജാമ്യം അനുവദിച്ചില്ലെങ്കിൽ ഒരു വർഷംവരെ തടങ്കലിലാകും. സുഗതൻ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയും പൊതുസമാധാനം തകർക്കുന്നയാളുമായതിനാൽ കരുതൽ തടങ്കലിൽ പാർപ്പിക്കണമെന്ന് പൊലീസ് മാർച്ചിൽ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എട്ടിന് കലക്ടർ റിപ്പോർട്ട് അംഗീകരിച്ച് കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കാൻ ഉത്തരവിട്ടു. മാർച്ചിൽ കടയിൽമുടുന്പ് ക്ഷേത്രത്തിൽവച്ച് സിപിഐ എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ഇയാൾ ഒളിവിലായിരുന്നു. കേസിലെ മൂന്നുപ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, സുഗതൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്പാകെ കീഴടങ്ങി, കീഴ്‌ക്കോടതിയിൽനിന്ന് ജാമ്യം തേടാൻ ഹൈക്കോടതി അഞ്ചുദിവസം സമയം അനുവദിച്ചു. കാലാവധി കഴിഞ്ഞിട്ടും കീഴടങ്ങിയില്ല. ചൊവ്വ രാത്രി 10ഓടെ വീടിന്റെ പരിസരത്ത് ഇയാളുടെ മൊബൈൽ ഓണായത് മനസ്സിലാക്കിയ പൊലീസ് കസ്റ്റഡിയിലെടുക്കാനെത്തിയത്.
പൊലീസിനെ ആക്രമിച്ചതിനും കേസ്; സഹോദരൻ രണ്ടാം പ്രതി
പൊലീസ് സംഘത്തെ ആക്രമിച്ച്, കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ബിജെപി കൗൺസിലർ സുഗതനെതിരെ കേസ്. ഇയാൾ ഒന്നാംപ്രതിയും സഹോദരൻ സന്ദീപ് രണ്ടാംപ്രതിയുമാണ്. കണ്ടാലറിയാവുന്ന പത്തോളംപേർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു. ബലപ്രയോഗം ഉണ്ടാകില്ലെന്ന ധാരണയിൽ സിഐ, എസ്‌ഐ ഉൾപ്പെടെ ആറുപേരാണ് സുഗതനെ കസ്‌റ്റഡിയിലെടുക്കാനെത്തിയത്. എന്നാൽ വീട്ടിൽ സുഗതനെക്കൂടാതെ ഇയാളുടെ ഭാര്യയും സഹോദരനും ഭാര്യയും ബന്ധുക്കളും ഉൾപ്പെടെ പത്തോളം ആളുകളുണ്ടായിരുന്നു. പൊലീസ് എത്തിയതറിഞ്ഞ് സുഗതൻ മതിൽചാടിയോടി. പൊലീസ് പിന്നാലെയെത്തി പിടികൂടിയപ്പോൾ ഭാര്യയും സഹോദരന്റെ ഭാര്യയുമെത്തി തടഞ്ഞു. ഇതിനിടയിൽ ബിജെപി പ്രവർത്തകരും സുഗതന്റെ കൂട്ടാളികളും സ്ഥലത്തെത്തി. സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിനുവേണ്ടിയാണ് സിഐ ആകാശത്തേക്ക് വെടിയുതിർത്തതെന്ന് കമീഷണർ കെ കാർത്തിക് മാധ്യമങ്ങളോട് പറഞ്ഞു. ആകാശത്തേക്കുവെടിവച്ച് ഗുണ്ടയെ പിടികൂടിയ പൊലീസിനെ അഭിനന്ദിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു.










0 comments