പൊങ്കാല: 3640 പൊലീസുകാരെ വിന്യസിക്കും

ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ഓഫീസില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രി വി ശിവന്‍കുട്ടി സംസാരിക്കുന്നു. കലക്ടര്‍ അനുകുമാരി, മന്ത്രി ജി ആര്‍ അനില്‍, വി കെ പ്രശാന്ത് എംഎല്‍എ, കോര്‍പറേഷന്‍ സെക്രട്ടറി എസ് ജഹാംഗീര്‍ എന്നിവര്‍ സമീപം
തിരുവനന്തപുരം
ആറ്റുകാൽ പൊങ്കാല ദിവസത്തെ തിരക്ക് നിയന്ത്രിക്കാൻ 3640 പൊലീസുകാരെ വിന്യസിക്കാന്‍ തീരുമാനം. ഉത്സവം തുടങ്ങുന്ന ഫെബ്രുവരി 23 മുതൽ മാർച്ച് മൂന്നുവരെ 117 പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കും. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സബ് കലക്ടർ ഒ വി ആൽഫ്രഡിനെ പൊങ്കാല നോഡൽ ഓഫീസറായി നിയമിക്കും. പൊങ്കാല ദിവസം വടംകെട്ടി വിശ്വാസികളെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ക്ഷേത്ര പരിസരം രണ്ട് സെക്ടറുകളായി തിരിച്ച് ബാരിക്കേഡുവച്ച് തിരക്ക് നിയന്ത്രിക്കും. പ്രധാന സ്റ്റേജ് റോഡിന് അഭിമുഖമായി കെട്ടുന്നതിനുപകരം ഗ്രൗണ്ടിന് അഭിമുഖമായി സജ്ജീകരിക്കണമെന്നും നിർദേശം ഉയർന്നു. 24 മണിക്കൂർ മെഡിക്കൽ ടീമിനെ സജ്ജീകരിക്കും. 10 പോയിന്റുകളിൽ ആംബുലൻസുകൾ സജ്ജമാക്കും. മുഴുവൻ സമയ മെഡിക്കൽ കൺട്രോൾ റൂം ക്ഷേത്രപരിസരത്ത് പ്രവർത്തിക്കും. ക്ഷേത്രത്തിന് സമീപമുള്ള ആശുപത്രികളിൽ 10 ശതമാനം ബെഡുകൾ റിസർവ് ചെയ്യും. സ്വകാര്യ ആശുപത്രികളെക്കൂടി ഉൾപ്പെടുത്തി മെഡിക്കൽ ടീം രൂപീകരിക്കും. പൊങ്കാലദിനത്തില്‍ 3500 തൊഴിലാളികളെ ശുചീകരണത്തിന് നിയോഗിക്കും. പൊങ്കാലയ്ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ 200 സന്നദ്ധ സംഘങ്ങൾക്ക് ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് നിർദേശം നൽകി. ഭക്ഷണം വിതരണം ചെയ്യുന്ന സന്നദ്ധ സംഘങ്ങളുടെ യോഗം വാർഡ് തലത്തിൽ വിളിക്കാനും തീരുമാനിച്ചു. ഭക്ഷ്യസുരക്ഷയ്ക്കായി സ്ക്വാഡ് രൂപീകരിക്കും. കെഎസ്ഇബിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറക്കും. ഗ്രീൻപ്രോട്ടോക്കോൾ ശക്തമാക്കാൻ ഗ്രീൻ ആർമി രൂപീകരിക്കും. അഗ്നിരക്ഷാ സേന കൺട്രോൾ റൂമിന് പുറമെ രണ്ട് ഫയർ എൻജിനും ആംബുലൻസും സജ്ജീകരിക്കും. മന്ത്രി ജി ആർ അനില്‍, വി കെ പ്രശാന്ത് എംഎൽഎ, കലക്ടര്‍ അനുകുമാരി എന്നിവര്‍ സംസാരിച്ചു.









0 comments