കെഎസ്എഫ്ഇയിൽ തൊഴിലാളിവിരുദ്ധ ഉത്തരവ് കത്തിച്ചു

കെഎസ്‌എഫ്‌ഇ ജീവനക്കാർ തിരുവനന്തപുരം റീജണൽ ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം
തിരുവനന്തപുരം
കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടറുടെ ഏകപക്ഷീയ ഉത്തരവിനെതിരെ ഹെഡ് ഓഫീസിലും റീജണൽ ഓഫീസുകളിലും ജീവനക്കാർ പ്രതിഷേധയോഗവും ഉത്തരവ് കത്തിക്കലും സംഘടിപ്പിച്ചു. ജീവനക്കാരെ റിസപ്ഷനിസ്റ്റിന്റെ ജോലി ചെയ്യാൻ നിർദേശിക്കുന്നതിനെതിരെ, ജീവനക്കാർ പ്രതീകാത്മകമായി റിസപ്ഷനിസ്റ്റിന്റെ വേഷം ധരിച്ചും പ്രതിഷേധത്തിൽ പങ്കെടുത്തു. ട്രേഡ് യൂണിയനുകളുമായി കൂടിയാലോചന നടത്താതെ പുതിയ തസ്തികകൾക്ക് സമാനമായ പേരുകളിൽ ജോലികളും ഉത്തരവാദിത്വങ്ങളും നിശ്ചയിച്ചത് പിൻവലിക്കണമെന്ന് സമരത്തിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ജോയിന്റ് സെക്രട്ടറി വി എൽ പ്രദീപ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ആർ ഐ ശരത്ത്, ആർ ലക്ഷ്മി, എസ് ടി സംഗീത, കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ജാസ്മിൻ, ജില്ലാ കമ്മിറ്റി അംഗം ജോർജുകുട്ടി എന്നിവർ സംസാരിച്ചു.









0 comments