പൂട്ടിയിടാൻ മാത്രമായൊരു ശൗചാലയം

നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ പൂട്ടിയിട്ടിരിക്കുന്ന ശൗചാലയം

സ്വന്തം ലേഖകൻ
Published on Jul 26, 2026, 01:00 AM | 1 min read
നെയ്യാറ്റിൻകര
നിരവധിപേർ ദിവസവും ആശ്രയിക്കുന്ന നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ ശൗചാലയം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനായ നെയ്യാറ്റിൻകരയിൽ യാത്രക്കാർക്കുവേണ്ട അടിസ്ഥാന സൗകര്യംപോലും ഇല്ല. പൂട്ടിയിട്ട ശൗചാലയ പ്രദേശം കാടുമൂടിത്തുടങ്ങി. ഇപ്പോൾ ഇവിടം തെരുവുനായ്ക്കളുടെയും ഇഴജന്തുകളുടെയും വാസസ്ഥലമായി മാറി. ഏതുനിമിഷവും ശൗചാലയ കെട്ടിടം ഇടിഞ്ഞുവീഴാമെന്ന നിലയിലാണ്. ഇതിന്റെ ശോചനീയാവസ്ഥ യാത്രക്കാർ പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കൂടാതെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് രാത്രി കള്ളൻമാരുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം രൂക്ഷമാണ്. റെയിൽവേ പൊലീസ് ഇവിടം തിരിഞ്ഞുനോക്കാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. തിരുവനന്തപുരം ഡിവിഷനിൽ ചിറയിൻകീഴ് സ്റ്റേഷനും നെയ്യാറ്റിൻകരയുമാണ് അമൃത് പദ്ധതിയിൽ തെരഞ്ഞെടുത്തത്. സ്റ്റേഷനിലേക്ക് 2 കവാടങ്ങളും 4 പ്ലാറ്റ്ഫോമുകളും അവയെ ബന്ധിപ്പിക്കുന്ന ഫുട് ഓവർ ബ്രിഡ്‌ജും കാർ, ഇരുചക്ര വാഹന പാർക്കിങ്ങും ഉൾപ്പെടെ സമഗ്രവികസനം ലക്ഷ്യമിട്ടതായിരുന്നു അമൃത് ഭാരത് പദ്ധതി. പക്ഷേ, 2 വർഷംമുന്പ് പണി തുടങ്ങിയെങ്കിലും നെയ്യാറ്റിൻകരയിൽ നിർമാണം എങ്ങുമെത്തിയിട്ടില്ല.










0 comments