മേയർ പ്രസ്‌താവന പിൻവലിക്കണം: വി കെ പ്രശാന്ത് എംഎൽഎ

തിരുവനന്തപുരം
ജനങ്ങളെയും കെഎസ്‌ആർടിസിയെയും നിരാശരാക്കുന്ന പ്രസ്‌താവന കോർപറേഷൻ ഭരണസമിതിയും മേയറും പിൻവലിക്കണമെന്ന് വി കെ പ്രശാന്ത് എംഎൽഎ ആവശ്യപ്പെട്ടു. താൻ മേയറായിരിക്കുന്പോഴാണ് തിരുവനന്തപുരം നഗരസഭ സ്‌മാർട്ട് സിറ്റി പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്നാണ് നഗരത്തിലെ ഗതാഗതസംവിധാനം മെച്ചപ്പെടുത്താൻ സ്‌മാർട്ട് സിറ്റി ഫണ്ട് ഉപയോഗിച്ച് ഇലക്‌ട്രിക് ബസ് വാങ്ങാൻ തീരുമാനിച്ചത്. 113 ബസ് വാങ്ങുന്നതിനുള്ള ഫണ്ട് കെഎസ്‌ആർടിസിക്ക് കൈമാറി. നഗരപ്രാന്തപ്രദേശങ്ങളിൽനിന്നുള്ളവർക്ക് ഇവിടേക്ക് എത്തുന്നതിനുകൂടിയാണ് ബസുകൾ നൽകിയത്. പുതുതായി കോർപറേഷനിൽ അധികാരത്തിലെത്തിയ ഭരണസമിതി, നഗരത്തിൽ ഓടിക്കാനുള്ളതാണ് അവയെന്ന് പുതിയ വ്യാഖ്യാനം കൊണ്ടുവരികയാണ്. യുപിഎ സർക്കാരിന്റെ കാലത്ത് ജൻറം ബസുകൾ ഇത്തരത്തിൽ അനുവദിച്ചിരുന്നു. ചന്ദ്രിക മേയറായിരിക്കുന്പോൾ ജൻറം ബസുകൾ കെഎസ്‌ആർടിസിക്ക് വാങ്ങി നൽകിയിട്ടുണ്ട്. അത് നഗരത്തിൽമാത്രമല്ല ഓടിച്ചത്. സംസ്ഥാന സർക്കാരിന്റെ സഹായത്തിലും ജീവനക്കാരുടെ പ്രവർത്തനത്തിന്റെ ഭാഗമായുമാണ് കെഎസ്‌ആർടിസി നഷ്ടത്തിൽനിന്ന് കരകയറുന്നതെന്നും അദ്ദേഹം പറഞ്ഞു.










0 comments