അഴിമതിക്കാർക്ക് താക്കീതായി ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ച്

ജില്ലാ പഞ്ചായത്തിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാർച്ച് പൊലീസ് തടയുന്നു
സ്വന്തം ലേഖകൻ മലപ്പുറം അഴിമതിയുടെ കൂടാരമായ ജില്ലാ പഞ്ചായത്ത് ഓ-ഫീസിലേക്ക് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ഉജ്വല പ്രതിഷേധ മാർച്ച്. തിങ്കൾ പകൽ പതിനൊന്നരയോടെയാണ് ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ ഓഫീസിലേക്ക് ഇരച്ചുകയറിയത്. ജില്ലാ പഞ്ചായത്ത് യോഗം നടക്കുന്ന ഹാളിന് തൊട്ടുസമീപംവരെയെത്തിയ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് തടഞ്ഞു. തുടർന്ന് യോഗം നടക്കുന്ന ഹാളിന് പുറത്തുനടന്ന പ്രതിഷേധം ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ് ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്തിലെ മുഴുവൻ അഴിമതിക്കാരെയും പുറത്തുകൊണ്ടുവരുന്നതുവരെ സമരം തുടരുമെന്ന് ശ്യാംപ്രസാദ് പറഞ്ഞു. പ്രതിതന്നെ ആ കേസിനെ സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്ന കേട്ടുകേൾവിയില്ലാത്ത നടപടിയാണ് ജില്ലാ പഞ്ചായത്തിലുണ്ടായത്. പഞ്ചായത്ത് ഭരണനേതൃത്വത്തെയും ലീഗ് നേതാക്കളെയും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഈ റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് എം രജീഷ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി സി ഇല്യാസ്, ജില്ലാ സെക്രട്ടറിയറ്റംഗം പി സൈഫുദ്ദീൻ, ജില്ലാ കമ്മിറ്റിയംഗം വി വൈ ഹരികൃഷ്‌ണപാൽ എന്നിവർ സംസാരിച്ചു. മലപ്പുറം ബ്ലോക്ക് സെക്രട്ടറി സി കെ വിബീഷ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ് അടക്കം 20 പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌തുനീക്കി. അഴിമതിക്ക് നേതൃത്വം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവയ്‌ക്കുക, കേസിലെ രണ്ടാംപ്രതിയായ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലകളിൽനിന്ന് മാറ്റിനിർത്തുക, കേസിൽ പ്രതിയായ ടി പി ഹാരിസിനെ രാജിവയ്പ്പിക്കുക, ജില്ലാ പഞ്ചായത്തിലെ അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.









0 comments