കോട്ട തകര്‍ത്ത വിപ്ലവകാരി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വി എസ് അച്യുതാനന്ദന്‍ മലപ്പുറത്തെത്തിയപ്പോള്‍. മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി സമീപം (ഫയല്‍ ചിത്രം)
പി അഭിഷേക്
Published on Jul 22, 2025, 12:30 AM | 2 min read
മലപ്പുറം: വർഷം 2006. ലീഗിന്റെ "പൊന്നാപുരം കോട്ട'യിലേക്ക് ഒരു ചെങ്കടലേറ്റമുണ്ടായി. ആർത്തിരമ്പുന്ന ആവേശത്തിരയിൽ ഒരു എൺപത്തിമൂന്നുകാരൻ തലയെടുപ്പോടെ നിന്നു. വെള്ള ജുബ്ബയും മുണ്ടും ധരിച്ച ആ വിപ്ലവകാരി നീട്ടിക്കുറുക്കിയ ഭാഷയിലൂടെ ഒരുനാടിനെ ചേർത്തുപിടിച്ചു. പിന്നിട്ട വഴികൾ പോരാട്ടവീര്യത്താൽ ചുവപ്പിച്ച വി എസിനൊപ്പം അന്ന് മലപ്പുറവും ഇടതുപക്ഷത്തേക്കടുത്തു.
മലപ്പുറത്തെ യുഡിഎഫിന് ഒരിക്കലും മറക്കാൻ കഴിയാത്ത നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു അത്. ഇടതുപക്ഷ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയത് വി എസ് അച്യുതാനന്ദനായിരുന്നു. ജില്ലയിലും അദ്ദേഹം നിരവധി പൊതുയോഗങ്ങളിൽ പങ്കെടുത്തു. വി എസിന്റെ പ്രസംഗമുണ്ടെന്നറിഞ്ഞ് നാടാകെ അങ്ങോട്ടൊഴുകി. ഇതരരാഷ്ട്രീയ പാർടിക്കാർപോലും വി എസിനെ കേൾക്കാൻ ഒത്തുകൂടി. മലപ്പുറത്തെ യോഗങ്ങളിലെ പങ്കാളിത്തം കണ്ട് ലീഗുകാർ ഞെട്ടി. സാധാരണക്കാർക്ക് മനസ്സിലാകുന്ന രാഷ്ട്രീയം പറഞ്ഞ വി എസ് ജനഹൃദയങ്ങളിൽ പ്രതീക്ഷയുടെ തിരി തെളിച്ചു.
ഫലം വന്നപ്പോൾ യുഡിഎഫ് തകർന്നടിഞ്ഞു. ലീഗിന്റെ അതികായന്മാരായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, എം കെ മുനീർ എന്നിവർ തോറ്റു.
അടക്കിവാണിരുന്ന 12 മണ്ഡലങ്ങളിൽ അഞ്ചെണ്ണം ഇടതുപക്ഷം പിടിച്ചെടുത്തു. പച്ചക്കൊടി മാത്രം പാറിയ കുറ്റിപ്പുറവും തിരൂരും മങ്കടയും പെരിന്തൽമണ്ണയും എൽഡിഎഫ് നേടി. കുറ്റിപ്പുറം മണ്ഡലത്തിൽ തുടർച്ചയായ 15 വർഷം എംഎൽഎയായ പി കെ കുഞ്ഞാലിക്കുട്ടി ഇടത് സ്വതന്ത്രനായ കെ ടി ജലീലിനോട് 8781 വോട്ടിന് തോറ്റു. 2001ൽ 26,105 വോട്ടിന് ജയിച്ച കുഞ്ഞാലിക്കുട്ടിയാണ് കാലിടറിവീണത്. തിരൂരും വ്യത്യസ്തമായിരുന്നില്ല സ്ഥിതി. മൂന്നുതവണ തുടർച്ചയായി എംഎൽഎയായ ഇ ടി മുഹമ്മദ് ബഷീറിനെ തോൽപ്പിച്ചത് സിപിഐ എമ്മിന്റെ പി പി അബ്ദുള്ളക്കുട്ടിയാണ്. മങ്കടയിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച മഞ്ഞളാംകുഴി അലി സി എച്ച് മുഹമ്മദ് കോയയുടെ മകനായ എം കെ മുനീറിനെയും തോൽപ്പിച്ചു.
2001ൽ മങ്കട മാത്രമായിരുന്നു യുഡിഎഫിന് നഷ്ടമായത്. മണ്ഡലം തിരിച്ചുപിടിക്കാനായി മലപ്പുറം എംഎൽഎയായ എം കെ മുനീറിനെ മങ്കടയിൽ സ്ഥാനാർഥിയാക്കി. എന്നാൽ, ലീഗിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. 1970മുതൽ 2001വരെ ലീഗ് സീറ്റായ പെരിന്തൽമണ്ണയിൽ എൽഡിഎഫിന്റെ വി ശശികുമാർ വിജയിച്ചു. 2001ൽ 5906 വോട്ടിന് യുഡിഎഫ് ജയിച്ച മണ്ഡലം 14,003 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് പിടിച്ചെടുത്തത്. പൊന്നാനിയിൽ പാലോളി മുഹമ്മദ്കുട്ടിയും എൽഡിഎഫിനായി വിജയക്കൊടി പാറിച്ചു.
ജനങ്ങൾക്കിടയിലേക്കിറങ്ങിയ തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു വി എസ് പയറ്റിയത്. സ്ഥാനാർഥിയായി മത്സരിക്കുമ്പോഴും മലപ്പുറത്തെത്തി എൽഡിഎഫിനായി വോട്ടുകൾ ശേഖരിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷവും മലപ്പുറത്തിനായി നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു.









0 comments