എവറസ്റ്റിനുമുകളിൽ സ്‌കൂളിന്റെ പേര്‌ ഉയർത്തി സ്നിഷ

s
വെബ് ഡെസ്ക്

Published on May 31, 2025, 01:00 AM | 1 min read

തിരൂർ

ഹിമാലയത്തിന്റെ നെറുകയിൽ സ്വന്തം വിദ്യാലയത്തിന്റെ പേരെഴുതിയ പോസ്റ്റർ ഉയർത്തിയ ആഹ്ലാദം സ്നിഷ ടീച്ചറിന് ഇപ്പോഴും മാറിയില്ല. യാത്രകളോടുള്ള തന്റെ അഭിനിവേശം തുടരുകയാണ് തിരൂർ ഗവ. ബോയ്സ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ബയോളജി അധ്യാപികയും പാലക്കാട്‌ പറളി എടത്തറ സ്വദേശിയുമായ സ്നിഷ രാജേഷ്. 2014ൽ മലപ്പുറം പാങ്ങ് ഹൈസ്കൂളിൽ അധ്യാപികയായ സമയത്താണ് യാത്രകളോടുള്ള താൽപ്പര്യം ജനിക്കുന്നത്. സഹപ്രവർത്തകയായ ദീപയ്ക്കൊപ്പം ഹൈദരാബാദിലേക്ക്‌ ആദ്യ യാത്രപോയി. എല്ലാമാസവും ഒരു യാത്ര എന്ന് തീരുമാനിച്ച് ഒന്നരകൊല്ലംകൊണ്ട് കേരളം മുഴുവൻ യാത്രചെയ്തു. ഹിമാലയത്തിലേക്ക് ട്രക്കിങ്‌ നടത്തണമെന്ന ആഗ്രഹമുണ്ടായതോടെ അതിനുള്ള പരിശ്രമം തുടങ്ങി. പരിശീലനമെന്നനിലയിൽ വയനാട് - ബ്രഹ്മഗിരിയിലും തിരുവനന്തപുരം വരയാട് മൊട്ടയിലും ട്രക്കിങ് നടത്തി. തുടർന്ന്‌ രണ്ടുതവണ എവറസ്റ്റ്‌ യാത്ര നടത്തി. കഴിഞ്ഞ ഏപ്രിൽ രണ്ടിന്‌ മൂന്നാമത്തെ എവറസ്റ്റ് യാത്ര ആരംഭിച്ചു. സ്നിഷയടക്കം ഏഴ്‌ അംഗ സംഘമാണ് യാത്ര നടത്തിയത്. പ്രതികൂല കാലാവസ്ഥ മറികടന്നാണ് എവറസ്റ്റ് ബേസ് ക്യാമ്പ് യാത്ര നടത്തിയത്. ടെൻസിങ് -ഹിലാരി യാത്ര വഴിയിലൂടെ എട്ട്‌ ദിവസംകൊണ്ട് എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി. ഏപ്രിൽ 17ന് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി. 5366 മീറ്റർ ഉയരത്തിൽ കയറി. എവറസ്റ്റിന്റെ നെറുകയിൽ കയറിനിന്ന് തന്റെ സ്കൂളിന്റെയും വീടിന്റെയും പേരടങ്ങിയ ബാനറും രാജ്യത്തിന്റെ പതാകയും ഉയർത്തി ലോകത്തിന് കാണിച്ചുനൽകിയാണ് താഴെയിറങ്ങിയത്. താൻസാനിയയിലെ കിളിമഞ്ചാരോ യാത്രയാണ് അടുത്ത ലക്ഷ്യം. ശശിധരൻ-, സൈര ദമ്പതികളുടെ മകളാണ്. ഭർത്താവ്: രാജേഷ്. വിദ്യാർഥികളായ ഗൗതം രാജേഷ്, ഓം രാജേഷ് എന്നിവർ മക്കളാണ്.



deshabhimani section

Related News

View More
0 comments
Sort by

Home