ആളില്ലാത്ത വീട്ടിൽ മോഷണം; കൂട്ടുപ്രതി പിടിയിൽ

പൂക്കോട്ടുംപാടം
അമരമ്പലം മാമ്പൊയിലിലെ മോഷണക്കേസിൽ കൂട്ടുപ്രതി പിടിയിൽ. മാമ്പൊയിൽ ഇരീക്കോടൻ നിതീഷി (പൂന്തേരി സനു)നെയാണ് തൃശൂരിൽനിന്ന് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പചുമത്തി നാടുകടത്തിയയാളാണ് നിതീഷ്. കഴിഞ്ഞദിവസം അറസ്റ്റിലായ കേസിലെ പ്രധാന പ്രതി ചെറുവണ്ണൂർ കൊളത്തുത്തറ സ്വദേശി മനക്കോട്ട് ജിത്തുവുമായി ജയിലിൽ കഴിയവെയാണ് നിതീഷ് പരിചയത്തിലായത്. തുടർന്നാണ് മാമ്പൊയിലിലെ പന്നിക്കോട്ടിൽ സുരേഷിന്റെ വീട്ടിൽ മോഷണം ആസൂത്രണംചെയ്തത്. ഒക്ടോബർ 10നാണ് സുരേഷിന്റെ വീട്ടിൽ അലമാരയും മേശയും കുത്തിത്തുറന്ന് രണ്ടര പവനും കാൽലക്ഷത്തോളം രൂപയും മോഷ്‌ടിച്ചത്. ജിത്തുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിതീഷിന്റെ പങ്ക് വ്യക്തമായത്. ഇതോടെ ഇയാൾ മാമ്പൊയിലിൽനിന്ന് തൃശൂരിലേക്ക് കടക്കുകയായിരുന്നു. ജിത്തുവിനെ മാമ്പൊയിലിലെത്തിച്ചതും സഹായങ്ങൾ ചെയ്തുനൽകിയതും നിതീഷാണ്. മോഷണമുതൽ പങ്കിട്ടെടുക്കാനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ എബ്രഹാം, പൂക്കോട്ടുംപാടം ഇൻസ്പെക്ടർ രാജേന്ദ്രൻ നായർ, എസ്ഐ ജയിംസ്, എസ്‌സിപിഒ സനൂപ്, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്‌സിപിഒ സാബിർ അലി, സജീഷ്, സിപിഒമാരായ സി കെ സജേഷ്, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.









0 comments