പട്ടയപ്രശ്‌നമില്ലാത്ത താലൂക്കാകാൻ ഒരുങ്ങി പൊന്നാനി

പൊന്നാനി താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ പി നന്ദകുമാർ എംഎൽഎ സംസാരിക്കുന്നു
പൊന്നാനി പട്ടയപ്രശ്‌നമില്ലാത്ത താലൂക്കായി മാറാൻ പൊന്നാനി ഒരുങ്ങുന്നു. അർഹതപ്പെട്ട മുഴുവൻ പേർക്കും പട്ടയം നൽകാനാണ് തീരുമാനം. ഒക്ടോബറിൽ നടക്കുന്ന പട്ടയമേളയിൽ പുഴ പുറമ്പോക്ക് മിച്ചഭൂമി, കടലോരമേഖല ഉൾപ്പെടെ 400ഓളം പട്ടയങ്ങൾ വിതരണംചെയ്യാനാണ് പദ്ധതി ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി 27ന് പൊന്നാനി എംഇഎസ് കോളേജിൽ റവന്യൂ അസംബ്ലി ചേരും. പട്ടയപ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിനായി താലൂക്കിൽ പട്ടയപ്രശ്നം നേരിടുന്ന മുഴുവൻ വില്ലേജ് ഓഫീസർ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം താലൂക്ക് ഓഫീസിൽ പി നന്ദകുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്നു. വെളിയങ്കോട് പഞ്ചായത്തിലാണ് പട്ടയപ്രശ്നം കൂടുതൽ നേരിടുന്നത്. വെളിയങ്കോട് പഞ്ചായത്തിലെ സുനാമി കോളനി, ശ്രീലങ്കൻ കോളനി, 16 കോളനി എന്നിവിടങ്ങളിലാണ് പട്ടയം നൽകാനുള്ളത്. ഇതിൽ സുനാമി കോളനിയിലെ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകും. പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമി കൈമാറുന്ന മുറയ്ക്ക് പട്ടയം അനുവദിക്കും. ഇതിനായി എത്രയും വേഗം ഭൂമി കൈമാറാൻ പഞ്ചായത്തിനോടാവശ്യപ്പെട്ടു. ആഗസ്ത് മുപ്പതിനകം നപടികൾ പൂർത്തീകരിച്ച് പട്ടയം നൽകും. ഭാരതപ്പുഴയോരത്തെ പുറമ്പോക്കിൽ താമസിക്കുന്നവർക്ക് പട്ടയം നൽകുന്നതിനായി പ്രത്യേക സർവേ ടീമിനെ നിയോഗിക്കും. പട്ടയപ്രശ്നം തീർക്കുന്നതിനായി ഒരാഴ്ചക്കകം സമ്പൂർണമായ റിപ്പോർട്ട് തഹസിൽദാർക്ക് നൽകാൻ വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകി. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുമെന്നും എംഎൽഎ പറഞ്ഞു. പൊന്നാന്നാ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷംസു കല്ലാട്ടേൽ, മിസ് രിയ സൈഫുദ്ധീൻ, തഹസിൽദാര്‍ സുജിത്ദാസ് എന്നിവർ സംസാരിച്ചു.









0 comments