വന്യജീവി പ്രതിരോധം

അനക്കമില്ലാതെ കേന്ദ്രം; എംപിമാർക്കും നിസ്സംഗത

a
avatar
സ്വന്തം ലേഖകൻ

Published on Jun 17, 2025, 12:17 AM | 1 min read

നിലമ്പൂർ

മനുഷ്യ–വന്യജീവി സംഘർഷങ്ങൾ തുടർക്കഥയാകുമ്പോഴും അനക്കമില്ലാതെ കേന്ദ്ര സർക്കാരും വയനാടിന്റെ എംപിമാരും. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന്‌ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിട്ടും കേന്ദ്ര സർക്കാർ അനുകൂല നടപടി സ്വീകരിച്ചിട്ടില്ല. അങ്ങനെ പ്രഖ്യാപിക്കാനാവില്ലെന്നാണ്‌ കേന്ദ്ര നിലപട്‌.

വന്യജീവികളുടെ സംരക്ഷണവും അവയെ വേട്ടയാടുന്നത് സംബന്ധിച്ചും വ്യക്തമായ കേന്ദ്ര നിയമങ്ങൾ നിലനിൽക്കുന്നു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 2 (36) പ്രകാരം വന്യമൃഗം എന്നാൽ നിയമത്തിന്റെ പട്ടിക ഒന്ന്, പട്ടിക രണ്ട് എന്നിവയിൽ ഉൾപ്പെട്ട എല്ലാ മൃഗങ്ങളും എന്നാണ് നിർവചനം. ഈ പട്ടികയിൽ ഉൾപ്പെട്ട ഏത് മൃഗവും വനത്തിനകത്തായാലും പുറത്തായാലും വന്യമൃഗമാണ്‌. ഇതിനായി കേന്ദ്ര സർക്കാർ സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീഡിയർ (എസ്ഒപി) പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. കടുവയോ പുലിയോ നാട്ടിലിറങ്ങിയാൽ ആറംഗ സമിതി രൂപീകരിക്കണം. ഇതിൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ പ്രതിനിധി, മൃഗഡോക്‌ടർ, തദ്ദേശ സ്ഥാപന പ്രതിനിധി, പ്രദേശത്തെ എൻജിഒ പ്രതിനിധി, ഡിഎഫ്ഒ എന്നിവർ വേണം.

ക്യാമറയുടെ സഹായത്താൽ ആക്രമണം നടത്തിയ വന്യമൃഗത്തെ തിരിച്ചറിയണം. അതിനുശേഷം ഓട്ടോമാറ്റിക് വാതിലുള്ള കെണി (കൂട്) വയ്‌ക്കണം. 144 പ്രഖ്യാപിച്ച് ജനങ്ങളെ നിയന്ത്രിക്കണം. കെണി വച്ചിട്ടും ഫലമില്ലെങ്കിൽ മാത്രം മയക്കുവെടി നിർദേശിക്കാം. ആരോഗ്യമുള്ളതാണെങ്കിൽ അതിന് റേഡിയോ കോളർ ഘടിപ്പിച്ച് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയെ അറിയിച്ച് വനത്തിലേക്ക് തുറന്നുവിടണം. പരിക്കുള്ളതാണെങ്കിൽ മൃഗശാലയിലേക്ക് മാറ്റണം.

സ്ഥിരമായി മനുഷ്യരെ കൊല്ലുന്ന കടുവയല്ലെങ്കിൽ അതിനെ ഒരു കാരണവശാലും 1972–-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കൊല്ലാൻ പാടില്ല. കാട്ടാനകളെ നേരിടുന്നതിനും കേന്ദ്ര നിയമത്തിൽ വ്യവസ്ഥകളേറെ. മയക്കുവെടി വയ്‌ക്കാനുള്ള ഉത്തരവിന്‌ പോലും കാലതാമസം നേരിടും. കേന്ദ്ര നിയമത്തിലെ വ്യവസ്ഥകളിൽ കാലോചിതമായ മാറ്റം കൊണ്ടുവരാതെ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിനോ വനം വകുപ്പിനോ ഒന്നും ചെയ്യാൻ സാധിക്കില്ല.




deshabhimani section

Related News

View More
0 comments
Sort by

Home