കാടിറങ്ങി അക്ഷരക്കൂട്ടിലേക്ക്

മാഞ്ചീരി ആദിവാസി ഉന്നതിയിലെ മീനാക്ഷിയെ പഠിപ്പിക്കുന്ന സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ദീപ ജോസ്. അമ്മ മാതിയും കുഞ്ഞനുജത്തി മാതിരിയും അരികിൽ
റഷീദ് ആനപ്പുറം
Published on Jun 06, 2025, 12:15 AM | 2 min read
നിലമ്പൂർ
അധ്യാപകർ എത്തിച്ച അഞ്ചാം ക്ലാസ് പാഠപുസ്‌തത്തിലെ പേജുകൾ മറിക്കുമ്പോൾ മീനാക്ഷിയുടെ കണ്ണുകൾ അതിലെ ചിത്രങ്ങളിലുടക്കി. വിരൽതൊട്ട് മീനാക്ഷി പതുക്കെ പറഞ്ഞു ‘ഊഞ്ഞാൽ’. ‘ആ മലെ ഈ മലെ ഊവ് മല...മലതേച്ചീം ഊവ്....’ പുതിയ പുസ്‌തകവും ബാഗും കിട്ടിയ സന്തോഷത്തിൽ മീനാക്ഷി സ്വന്തം ഭാഷയിൽ പാടി. ‘ആ മല ഈ മല പൂവ് മല, മല നിറയെ പൂവ് ’എന്ന് അർഥം പറഞ്ഞു തന്നത് സ്‌പെഷ്യൽ എജുക്കേറ്റർമാരായ എസ് സജിനും ദീപാ ജോസും. ബിപിസിയുടെ ചുമതല വഹിക്കുന്ന ജയനും കൂടെയുണ്ട്. മാഞ്ചീരി ഉൾവനത്തിലെ പ്രാക്തന ഗോത്രമായ ചോലനായ്‌ക്ക വിഭാഗത്തിൽപെട്ട കുട്ടിയാണ് മീനാക്ഷി. കുഞ്ഞുനാളിൽ ശരീരം പാതി തളർന്നു. സെറിബ്രൽ പാൾസി ജീവിതം കൂടുതൽ ദുരിതത്തിലാക്കി. അച്ഛൻ മണിയും അമ്മ മാതിയും മറ്റ് നാല് മക്കളും അടങ്ങുന്ന കുടുംബം. മണി കാട്ടാന ആക്രമണത്തിൽ മരിച്ചു. അനാഥമായ കുടുംബത്തിന് സർക്കാർ താങ്ങായി. മാതിക്ക് ഫോറസ്‌റ്റ് റേഞ്ച് ഓഫീസിൽ ജോലി നൽകി. താമസിക്കാൻ ക്വാർട്ടേഴ്‌സും. ചുങ്കത്തറ നെല്ലിയാംപൊയിലിൽ 40 സെന്റ് ഭൂമിയും കുടുംബത്തിന് സർക്കാർ അനുവദിച്ചു. മുഴുവൻ കുട്ടികളെയും സ്‌കൂളിൽ എത്തിക്കുന്നതിന് എസ്‌എസ്‌കെ നടത്തിയ ‘ഔട്ട് ഓഫ് സ്‌കൂൾ’ സർവേയിലാണ് മാഞ്ചീരി ഉൾവനത്തിൽ മീനാക്ഷിയെ കണ്ടെത്തുന്നത്. വിദ്യാഭ്യാസ ചുമതല എസ്‌എസ്‌കെ ഏറ്റെടുത്തു–- ബിപിസിയുടെ ചുമതല വഹിക്കുന്ന ജയൻ പറഞ്ഞു. ആദ്യം മികച്ച ചികിത്സ ലഭ്യമാക്കി. പീന്നീട് കരുളായി വാരിക്കൽ ഗവ. എൽപി സ്‌കൂളിൽ ചേർത്തു. യാത്ര ബുദ്ധിമുട്ടായതിനാൽ ഗൃഹാന്തരീക്ഷ പഠനം ഉറപ്പാക്കി. സ്‌പെഷ്യൽ എജുക്കേറ്റർ ഷബാനയും സംഘവും മീനാക്ഷിയെ പഠിപ്പിക്കാൻ എത്തും. അമ്പിളി. ആകാശം, നക്ഷത്രം എന്ന് അർഥം വരുന്ന‘തിങ്ക ബാന് ബെള്ളി’ എന്ന പേരിൽ അവരുടെ പാട്ടും കഥയും സംസ്‌കാരവും ഉൾപ്പെടുത്തി പ്രത്യേക പാഠ്യപദ്ധതിയുമുണ്ടാക്കി. വീഡിയോ രൂപത്തിൽ 30 ടാക്കിങ് ടെസ്‌റ്റുകൾ തയാറാക്കി. ഇവ കേട്ടും കണ്ടും പഠിക്കാൻ ടിവിയും സ്‌പീക്കറും നൽകി. അങ്ങനെ പഠിച്ച് മിടുക്കിയായി മീനാക്ഷി മുന്നേറി. പുള്ളിയിൽ ജിയുപിഎസിൽ അഞ്ചാം ക്ലാസുകാരിയാണ് മീനാക്ഷി. സഹോദരങ്ങളായ മനുകൃഷ്‌ണയും മീനയും മീരയും തൊട്ടടുത്ത സ്‌കൂളുകളിൽ പോകുന്നു. കുഞ്ഞനിയത്തി മാതിരി അടുത്ത വർഷം അങ്കണവാടിയിൽ ചേരും. ‘എനിക്ക് ജോലി തന്നു. താമസിക്കാൻ ക്വാർട്ടേഴ്‌സും. മകളെ ഇവിടെ എത്തി പഠിപ്പിക്കുന്നു. സർക്കാരിനോട് പെരുത്ത് സന്തോഷമുണ്ടെന്ന് അമ്മ മാതി പറഞ്ഞു.









0 comments