പശുവിന്റെ ചെവി മാറിയെന്ന് !
ഇന്‍ഷുറന്‍സ് നിഷേധിച്ചതിന് 1.3 ലക്ഷം നഷ്ടപരിഹാരം

മലപ്പുറം
നിസ്സാര കാരണം പറഞ്ഞ് ക്ഷീരകര്‍ഷകന് ഇന്‍ഷുറന്‍സ് നിഷേധിച്ച സംഭവത്തില്‍ കമ്പനി 1.3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമീഷന്‍ ഉത്തരവ്. മങ്കട തയ്യില്‍ സ്വദേശി ഇസ്മയില്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇദ്ദേഹത്തിന്റെ പശു ചത്തതിനെ തുടര്‍ന്ന് നല്‍കിയ ഇന്‍ഷുറന്‍സ് അപേക്ഷ കമ്പനി തള്ളുകയായിരുന്നു.
70,000 രൂപയ്ക്ക് വാങ്ങിയ പശു ഏഴ് മാസംമുമ്പ് രോഗം പിടിപെട്ട് ചത്തു. പ്രതിദിനം 23 ലിറ്ററോളം പാല്‍ നല്‍കിയ പശുവിനെ ഇന്‍ഷുര്‍ചെയ്ത സമയം വലതുചെവിയില്‍ ടാഗ് തൂക്കിയിരുന്നു. ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് ചെവിയിലെ ടാഗ് കാണത്തക്കവിധം ചത്ത പശുവിന്റെ ഫോട്ടോ ആവശ്യമാണ്. തൊഴുത്തില്‍ ചെരിഞ്ഞുവീണ പശുവിന്റെ വലതുചെവി അടിഭാഗത്തായതിനാല്‍ ടാഗ് എടുത്ത് ഇടതുചെവിക്ക് സമീപംവച്ചാണ് ഫോട്ടോ അയച്ചത്. ചെവി മാറിയെന്ന് പറഞ്ഞാണ് യുണൈറ്റഡ് ഇന്ത്യ നടക്കാവ് ബ്രാഞ്ച് ഇന്‍ഷുറന്‍സ് നിഷേധിച്ചത്.
ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ പശുവിനെ പരിശോധിച്ച ഡോക്ടര്‍തന്നെയാണ് പോസ്റ്റുമോര്‍ട്ടവും നടത്തിയത്. വസ്തുത വിവരിച്ച് ഡോക്ടര്‍ രേഖ നല്‍കിയെങ്കിലും ഇന്‍ഷുറന്‍സ് നല്‍കിയില്ല. തുടര്‍ന്നാണ് ഉപഭോക്തൃ കമീഷനെ സമീപിച്ചത്. തെളിവുകള്‍ പരിശോധിച്ച കമീഷന്‍ ഇന്‍ഷുറന്‍സ് നല്‍കാന്‍ ഏഴുമാസം വൈകിയത് ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തി. ഇന്‍ഷുറന്‍സ് തുകയായി 70,000 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതിച്ചെലവായി 10,000 രൂപയും നല്‍കാനാണ് വിധി. തുക നല്‍കിയില്ലെങ്കില്‍ ഒമ്പത് ശതമാനം പലിശ നല്‍കേണ്ടിവരുമെന്നും ഉത്തരവിലുണ്ട്. കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മയില്‍ എന്നിവര്‍ അംഗങ്ങളുമായ കമീഷന്റേതാണ് ഉത്തരവ്.









0 comments