ജനവാസമേഖലയില്‍ മണ്ണിടിച്ചില്‍ 8 കുടുംബങ്ങള്‍ മാറിത്താമസിച്ചു

കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി കോഴിത്തടത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞപ്പോള്‍
സ്വന്തം ലേഖകന്‍
കൂട്ടിലങ്ങാടി
മഴ കനത്തതോടെ കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുംമുറി കോഴിത്തടത്തിലെ ജനവാസ മേഖലയില്‍ മണ്ണിടിഞ്ഞ് നിരവധി വീടുകള്‍ അപകടാവസ്ഥയില്‍. രണ്ടുദിവസം തുടർച്ചയായി പെയ്ത മഴയിലാണ് കോഴിത്തടം റസിഡൻഷ്യൽ ഭാഗത്ത് മണ്ണിടിഞ്ഞത്. അവുലാൻ അഷിത, പൊട്ടൻപുലാൻ അബ്ദുള്‍ മുനീർ, നേർത്തകുണ്ടിൽ രഞ്ജിത്ത് എന്നിവരുടെ വീടുകളുടെ അടുക്കള ഭാഗത്തുള്ള മണ്ണിടിഞ്ഞു. കിണറും കക്കൂസും കുളിമുറിയും എട്ട് മീറ്റർ താഴ്‌ച്ചയിലേക്ക് പതിച്ചു. ഇതിന്റെ താഴെഭാഗത്ത് താമസിക്കുന്ന വെള്ളാംകുളത്ത് നഫീസ, തിയ്യാടത്ത് വത്സല, കസ്തൂരി വളപ്പിൽ സൂഫിയാൻ തങ്ങൾ, ശ്രീവത്സം വീട്ടിൽ ശ്രീജ, കല്ലുവെട്ടിയിൽ കൃഷ്ണൻ എന്നിവരുടെ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. മുകളിലെ മൂന്ന് വീടുകൾ ഏതുസമയവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. സുരക്ഷാഭീഷണിയുള്ളതിനാല്‍ എട്ട് വീട്ടുകാർ ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും മാറി. വാടക വീടുകളിലേക്ക് മാറിയവർക്ക് വാടക ഉൾപ്പെടെ അടിയന്തര സഹായം നൽകാനും ഇവരുടെ വീടുകള്‍ താമസയോഗ്യമാക്കാനും നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കൂട്ടിലങ്ങാടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.









0 comments