നാടിന്റെ ഉത്സവമായി മൂന്നിയൂർ കോഴിക്കളിയാട്ടം

തിരൂരങ്ങാടി
കനത്ത മഴയിലും ആയിരങ്ങളെ ആനന്ദലഹരിയിൽ ആറാടിച്ച് മൂന്നിയൂർ കോഴിക്കളിയാട്ടം. ഒരുമയുടെയും മതസൗഹാർദത്തിന്റെയും സന്ദേശം വിളിച്ചോതി താളത്തിൽ കൊട്ടിയാടിയെത്തിയ പൊയ്ക്കുതിരസംഘങ്ങൾ കളിയാട്ട കാവിലമ്മയുടെ ഉത്സവത്തിന് വിസ്മയക്കാഴ്ചയായി. കളിയാട്ടക്കാവിലേക്കുള്ള വഴികളെല്ലാംതന്നെ രാവിലെമുതൽ ജനങ്ങളാൽ നിറഞ്ഞിരുന്നു. ചെണ്ടകൊട്ടി നൃത്തംചെയ്ത് ജനങ്ങൾ പൊയ്ക്കുതിരകളെ ദേവിക്ക് സമർപ്പിച്ചു. രാവിലെ ആചാരപ്രകാരം സാംബവ മൂപ്പന്റെ പൊയ്ക്കുതിരകൾ ആദ്യം ക്ഷേത്രത്തിൽ പ്രവേശിച്ചു കാവുതീണ്ടൽ നടത്തി. കാവുടയ നായർ മുറത്തിലിരുന്നു കുതിരപ്പണം വാങ്ങി പൊയ്ക്കുതിരകളുടെ ഓലചീന്തി, കുതിരപ്ലാക്കൽ തറയിൽ പൊയ്ക്കുതിരകളെ തച്ചുടയ്ക്കുന്നതിനുള്ള അനുവാദം നൽകി. ഇതിനുപിറകെ വിവിധ ദേശങ്ങളിൽനിന്നുള്ള പൊയ്ക്കുതിര സംഘങ്ങൾ ക്ഷേത്രത്തിൽ പ്രവേശിച്ചു. ആചാരപൂർവം ദക്ഷിണ നൽകി പൊയ്ക്കുതിരകളെ തച്ചുടച്ചു. പൈങ്ങാംകുളം, ഭഗവതി വിശ്രമിക്കാനിരുന്നെന്ന് വിശ്വസിക്കുന്ന ആൽത്തറ എന്നിവ ചുറ്റിയാണ് പൊയ്ക്കുതിരസംഘങ്ങൾ ക്ഷേത്രത്തിലെത്തിയത്. ഇടവത്തിലെ ആദ്യ തിങ്കളാഴ്ച കാപ്പൊലിയോടെ തുടങ്ങുന്ന കളിയാട്ടത്തിലെ ഏക പകൽ ഉത്സവമാണ് രണ്ടാം വെള്ളിയാഴ്ചയിലെ കോഴിക്കളിയാട്ടം. ദേവീചിത്രങ്ങൾക്കുപുറമേ മുസ്ലിം, ക്രിസ്ത്യൻ പ്രതീകങ്ങളടങ്ങുന്ന പൊയ്ക്കുതിരകളുമുണ്ടായിരുന്നു. കൃഷി ഉത്സവംകൂടിയായ കളിയാട്ടത്തോടനുബന്ധിച്ച് വിവിധയിനം വിത്തുകളുടെയും കൃഷി ഉപകരണങ്ങളുടെയും വിപണനത്തിനും ആവശ്യക്കാരേറെയായിരുന്നു. ബുധൻ നടക്കുന്ന കുടികൂട്ടൽ ചടങ്ങോടെ ഉത്സവം സമാപിക്കുമ്പോൾ മലബാറിലെ ക്ഷേത്രോത്സവങ്ങൾക്കും പരിസമാപ്തിയാകും.









0 comments