സംയുക്ത പരിശോധന വര്‍ധിപ്പിച്ചു

മയക്കുമരുന്ന് കേസ് കൂടി അബ്കാരി കേസ് കുറഞ്ഞു

a
avatar
പി അഭിഷേക്‌

Published on Jul 18, 2025, 12:18 AM | 1 min read

മലപ്പുറം

ജില്ലയിൽ അബ്കാരി കേസുകൾ കുറയുമ്പോഴും മയക്കുമരുന്ന് കേസുകൾ വർധിക്കുന്നതായി കണക്ക്. ജനുവരി ഒന്നുമുതൽ ജൂൺ 30വരെ എക്‌സൈസ് നടത്തിയ പരിശോധനയില്‍ മുൻവർഷത്തെ അപേക്ഷിച്ച് 81 മയക്കുമരുന്ന് കേസുകളാണ് അധികം രജിസ്റ്റർചെയ്തത്. ഇക്കാലയളവിൽ അബ്കാരി കേസുകളിൽ 60 എണ്ണത്തിന്റെ കുറവുണ്ടായി. 2024ൽ ജൂൺ 30വരെ 355 കേസുകളാണ് എൻഡിപിഎസ് (മയക്കുമരുന്ന്) നിയമപ്രകാരം രജിസ്റ്റർചെയ്തത്. ഈ വർഷം അത് 436 ആയി. 2024ൽ 677 കേസുകൾ അബ്കാരി നിയമപ്രകാരമെടുത്തപ്പോൾ 2025ൽ 617 ആയി കുറഞ്ഞു.

എൻഡിപിഎസ് കേസുകളിൽ കഴിഞ്ഞവർഷത്തെ ആദ്യ ആറുമാസം 345പേർ അറസ്റ്റിലായെങ്കിൽ ഈ വർഷം അത് 433 ആണ്. ഇത്തരം കേസുകളിൽ 2024ൽ 25 വാഹനം പിടിച്ചെടുത്തപ്പോൾ ഈവർഷം 18 എണ്ണം കസ്റ്റഡിയിലെടുത്തു. തൊണ്ടിപ്പണത്തിൽ വർധനവുണ്ടായി. കഴിഞ്ഞവർഷം 1,55,670 രൂപ പിടിച്ചെടുത്തത് ഈവർഷം 2,02,560 രൂപയായി.

അബ്കാരി കേസുകളിൽ അറസ്റ്റിലായവരുടെ എണ്ണം 640ൽനിന്ന് 587 ആയി കുറഞ്ഞെങ്കിലും തൊണ്ടിപ്പണത്തിൽ വർധനവുണ്ടായി. കഴിഞ്ഞവർഷം 27,040 രൂപ പിടിച്ചെടുത്തത് 32,840 ആയി. സ്കൂള്‍ കേന്ദ്രീകരിച്ചുള്ള ലഹരിവില്‍പ്പന തടയാനായി നടത്തിയ ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് ക്യാമ്പയിനിന്റെ കണക്ക് ഉള്‍പ്പെടെയാണിത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ലഹരിവസ്തുക്കളെത്തുന്നത് തടയാന്‍ അതിര്‍ത്തികളിലും റെയില്‍വേ സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കി. ഈ വര്‍ഷം ജൂണ്‍ 30വരെ 5404 പരിശോധന നടത്തി. 57,096 വാഹനങ്ങൾ പരിശോധിച്ചു. പൊലീസ്, ആര്‍പിഎഫ്, തീരദേശ സംരക്ഷണ സേന തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് 106 സംയുക്ത പരിശോധന നടത്തി. ലഹരിക്കെതിരെ പൊലീസ് നേതൃത്വത്തില്‍ ഓപ്പറേഷന്‍ ഡി ഹണ്ട് ക്യാമ്പയിനും നടക്കുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Home