വികസനം വട്ടപ്പൂജ്യം; 


അഴിമതിയിൽ റെക്കോഡ്‌

a
വെബ് ഡെസ്ക്

Published on Nov 12, 2025, 12:19 AM | 2 min read

സ്വന്തം ലേഖകൻ

മലപ്പുറം  

രൂപീകരണകാലംമുതൽ ജില്ലാ പഞ്ചായത്ത്‌ അടക്കി ഭരിച്ച മുസ്ലിംലീഗിന്‌ കാലം കടന്നുപോയിട്ടും എടുത്തുപറയാൻ ഒരു ബൃഹത്‌ പദ്ധതിപോലുമില്ല. ജില്ലയെ സമഗ്രമായി കണ്ട്‌ വികസന പദ്ധതികൾ ആസൂത്രണംചെയ്യുന്നതിൽ അമ്പേ പരാജയമാണ്‌ ഇക്കാലമത്രയും ഭരിച്ച ഭരണസമിതികൾ. 1921ലെ മലബാർ കാർഷിക കലാപത്തിന്റെ ചരിത്രമുറങ്ങുന്ന പ‍ൂക്കോട്ടൂരിൽ യുദ്ധസ്‌മാരകം നിർമിക്കുമെന്ന പ്രഖ്യാപനത്തിന്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ഇതുവരെ നടപ്പായിട്ടില്ല. അഴിമതി കാര്യത്തിൽമാത്രമാണ്‌ മലപ്പുറത്തിന്റെ മഹിമ. നിലവിലെ ലീഗ്‌ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളിൽ ഒരാൾ കോടികളുടെ നിക്ഷേപത്തട്ടിപ്പിൽ ജയിലിലായിരുന്നു. മറ്റൊരാൾ വിമാനത്താവളംവഴി സ്വർണം കടത്തിയതിന്‌ കേസുണ്ട്‌. അഴിമതിയിൽ സർവകാല റെക്കോഡിട്ടാണ്‌ നിലവിലെ ഭരണസമിതി പടിയിറങ്ങുന്നത്‌. നാടിന്റെ വികസനത്തേക്കാൾ പദ്ധതികളുടെ പേരിൽ കമീഷൻ അടിച്ചുമാറ്റുന്നതിലാണ്‌ നേതാക്കൾക്ക്‌ ശ്രദ്ധ. പ്രധാനമായും മൂന്ന്​ വിധത്തിലാണ്​ തട്ടിപ്പ്. ജില്ലാ പഞ്ചായത്തിന്​ സ്വന്തമായി എൻജിനിയറിങ്​ വിഭാഗമുണ്ടെങ്കിലും പ്രവൃത്തികളെല്ലാം അക്രഡിറ്റഡ്​ ഏജൻസികൾക്കാണ്​. പേരിനാകും ഇ‍ൗ ഏജൻസി. കരാറെടുക്കുന്നത്​ ലീഗ്​ ബിനാമികൾ. പ്രവൃത്തി നടത്താൻ പണത്തിന്​ ലീഗ്​ അനുഭാവികളായ നിക്ഷേപകരെ സമീപിക്കും. ലാഭത്തിന്റെ 50 ശതമാനമാണ്​ വാഗ്​ദാനം. കൈനനയാതെ കമീഷൻ നേതാക്കളുടെ കീശയിലാകും. ജില്ലാ പഞ്ചായത്തിനുകീഴിലെ പർച്ചേ​സുകളുടെ പേരിലാണ്​ പ്രധാനമായും തട്ടിപ്പ്​. ലക്ഷങ്ങളുടെ സാധനങ്ങൾ ഒന്നിച്ച്​ വാങ്ങുമ്പോൾ വൻ തുക കമീഷനായി ലഭിക്കും. ഗുണനിലവാരമില്ലാത്ത ഉപകരണങ്ങളാണ്​ വാങ്ങുക. ലാഭവിഹിതമായി ലക്ഷങ്ങൾ വേറെയും. ജില്ലാ ആശുപത്രികളിലും ആയുർവേദ, ഹോമിയോ ഡിസ്​പെൻസറികളിലും ഇത്തരത്തിൽ വിതരണംചെയ്​ത ഉപകരണങ്ങൾ പലതും വളരെ വേഗം കേടാകും. സമീപകാലത്തുമാത്രം 30 കോടി രൂപയുടെ കരാറാണ്​ ആശുപത്രികൾ കേന്ദ്രീകരിച്ചുമാത്രം ഇവർ സ്വന്തമാക്കിയത്​. ലബോറട്ടറി ഉപകരണങ്ങൾവരെ ഇതിൽ ഉൾപ്പെടും. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സ്ഥാപിച്ച നാപ്‌കിൻ വെൻഡിങ് യന്ത്രം 90 ശതമാനവും മാസങ്ങൾക്കുള്ളിൽ തകരാറായി. ഇ ടെന്‍ഡർ നടപ്പായതോടെ മരാമത്ത്​ പ്രവൃത്തികളുടെ പേരിലുള്ള തട്ടിപ്പിന്റെ സാധ്യത അടഞ്ഞതോടെയാണ്‌ പർച്ചേസിന്റെ പേരിലുള്ള തട്ടിപ്പ്‌. പ്രായോഗികമല്ലാത്ത പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചാണ്​ മറ്റൊരു തട്ടിപ്പ്​. കോടികൾ മുതൽമുടക്കുള്ള പദ്ധതികൾക്ക്​ ലീഗ്​ നേതാക്കൾ ഉൾപ്പെട്ട സൊസൈറ്റി രൂപീകരിക്കും. തനത്​ ഫണ്ടിൽ മലയോരത്ത്​ വിലകുറഞ്ഞ സ്ഥലം വാങ്ങും. ആ വകയിൽ ലക്ഷങ്ങൾ തട്ടും. ഭൂമിയുടെ ആധാരം പണയപ്പെടുത്തി സൊസൈറ്റിയുടെ പേരിൽ ലക്ഷങ്ങൾ വായ്​പയെടുക്കും. ഇത്​ തിരച്ചടയ്ക്കില്ല. ഭൂമി മറിച്ചുവിൽക്കുന്നതിലൂടെ കോടികൾ നേതാക്കളുടെ പോക്കറ്റിലാകും. കോടികളാണ്​ ഇത്തരത്തിൽ ജില്ലാ പഞ്ചായത്തിലെ മുതിർന്ന നേതാവ്​ അടിച്ചുമാറ്റിയത്​. ജില്ലാ ലൈബ്രറിയില്ലാത്ത ഏക ജില്ല മലപ്പുറമാണ്‌. ലീഗ്‌ നേതാവ്‌ സി എച്ച്‌ മുഹമ്മദ്‌ കോയയുടെ പേരിൽ ജില്ലാ ലൈബ്രറി സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഇതുവരെ നടപ്പായിട്ടില്ല. തെരുവുനായ ശല്യം നേരിടുന്നതിന്‌ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തെരുവുനായകളെ നിയന്ത്രിക്കുന്നതിനുള്ള എബിസി പദ്ധതി നടപ്പാക്കാത്ത ഏക ജില്ലാ പഞ്ചായത്താണ്‌ മലപ്പുറം.



deshabhimani section

Related News

View More
0 comments
Sort by

Home