100ൽ വിളിച്ചു; 
രവീണിന്‌ പുതുജീവൻ

a
വെബ് ഡെസ്ക്

Published on Nov 13, 2025, 12:30 AM | 1 min read

നിലമ്പൂർ

എവിടെയെന്ന്‌ അറിയാത്ത പത്തടി താഴ്‌ചയുള്ള കുഴിയിൽ വീണ യുവാവിന്‌ രക്ഷകരായി നിലമ്പൂർ പൊലീസ്‌. കുഴിയിൽനിന്നുള്ള നിലവിളി ആരും കേൾക്കാതെ വന്നതോടെയാണ്‌ ഇരുപത്തിരണ്ടുകാരനായ രവീൺ ആകെ അറിയാവുന്ന എമര്‍ജന്‍സി നന്പറായ 100–ലേക്ക് വിളിച്ചത്‌. ചൊവ്വ രാത്രി 12ഓടെ നിലമ്പൂർ സ്റ്റേഷനിലേക്ക്‌ പൊലീസ് കൺട്രോൾ റൂമിൽനിന്ന് സന്ദേശമെത്തി. യുവാവ് നിലമ്പൂർ ഭാഗത്ത് എവിടെയോ കുഴിയിൽ വീണ്‌ കിടക്കുന്നുണ്ടെന്നും സഹായം ആവശ‍്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു അറിയിപ്പ്‌. യുവാവ്‌ വിളിച്ച നമ്പറും കൈമാറി. നിലമ്പൂരിൽ നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ ടി പി മുസ്തഫയും എസ്‌സിപിഒ നിബിൻ ദാസും ഉടനെ യുവാവിന്റെ ഫോണിലേക്ക് തിരിച്ചുവിളിച്ചു. ‘കുഴിയിൽ വീണ്‌ കിടക്കുകയാണ്, എവിടെയാണെന്ന്‌ അറിയില്ല’ എന്നായിരുന്നു മറുപടി. സൈബർസെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ മമ്പാട് ടാണ ഭാഗത്താണെന്ന്‌ മനസ്സിലാക്കി. ഫോണിലൂടെ യുവാവിന് ധൈര‍്യംപകർന്ന പൊലീസ്‌ തിരച്ചിലിൽ സ്ഥലവും കണ്ടെത്തി. ടാണയിൽ പുഴക്കടവിലേക്ക് പോകുന്ന റോഡിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുസമീപം 10 അടിയോളം താഴ്ചയുള്ള കുഴിയിലാണ്‌ ആദിവാസി യുവാവ്‌ വീണത്‌. തൊട്ടടുത്തുള്ള വീട്ടിൽനിന്ന് സംഘടിപ്പിച്ച കോണിവഴി യുവാവിനെ കരയ്‌ക്കെത്തിച്ചു. ആദ്യം നിലമ്പൂർ ഗവ. ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ച്‌ ചികിത്സ നൽകി. താമരശേരി ഈങ്ങാപ്പുഴ സ്വദേശിയാണ്‌ രവീൺ. പൈനാപ്പിൾ തോട്ടത്തിലെ ജോലിക്കായാണ് ഇയാൾ ബന്ധുക്കളോടൊപ്പം നിലമ്പൂരിലെത്തിയത്. റെയിൽവേ സ്റ്റേഷനുസമീപത്തെ ഡിപ്പോയിലാണ് ഇവർ താമസിച്ചിരുന്നത്. കൂടെയുള്ളവരെ അറിയിക്കാതെ രാത്രി താമരശേരിയിലെ വീട്ടിലേക്ക് പോകാനിറങ്ങിയതായിരുന്നു. ബസ് കിട്ടാതെ വന്നപ്പോൾ മമ്പാട് ഭാഗത്തേക്ക് നടക്കുകയായിരുന്നു. ആരോ പിന്തുടരുന്നതായി തോന്നി രക്ഷപ്പെടാൻ ഓടിയപ്പോൾ കുഴിയിൽ വീണെന്നാണ് രവീൺ പൊലീസിനോട് പറഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Home