ലീഗുമായി തർക്കം രൂക്ഷം
കോട്ടക്കലിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ കോൺഗ്രസ്

കോട്ടക്കൽ
നഗരസഭയിൽ തെരഞ്ഞെടുപ്പ് സീറ്റിനെച്ചൊല്ലി യുഡിഎഫിൽ തർക്കം മുറുകുന്നു. കോൺഗ്രസിന് അനുവദിച്ച സീറ്റിൽ മുസ്ലിംലീഗ് നേതാവ് വിമതനായി രംഗത്തെത്തിയതോടെയാണ് തർക്കം രൂക്ഷമായത്. ജില്ലാ യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനങ്ങൾ ലീഗ് അട്ടിമറിക്കുകയാണെന്നാണ് കോൺഗ്രസ് ആക്ഷേപം. അഞ്ച് വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ നിർത്താനാണ് കോൺഗ്രസ് നീക്കം. കോൺഗ്രസിന് അനുവദിച്ച ഗാന്ധിനഗർ വാർഡിൽ മങ്ങാടൻ മരക്കാർ (ബാപ്പുട്ടി)ആണ് കോൺഗ്രസ് സ്ഥാനാർഥി. ഇവിടെ നഗരസഭ മുസ്ലിംലീഗ് മുൻ കൗൺസിലറും വാർഡ് ലീഗ് ജനറൽ സെക്രട്ടറിയുമായ മങ്ങാടൻ അബ്ദുള്ളക്കുട്ടി സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തെത്തി. ലീഗ് കൺവൻഷൻ ചേർന്ന് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്ഥാനാർഥിയെ പിൻവലിക്കണമെന്ന കോൺഗ്രസ് ആവശ്യം ലീഗ് ചെവിക്കൊണ്ടിട്ടില്ല. ഇതോടെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ചേർന്ന് നഗരസഭയിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. വലിയപറമ്പ്, കോട്ടൂർ, മുണ്ടിയൻതറ, മദ്രസുംപടി, ഗാന്ധിനഗർ വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ലീഗിന്റെ സിറ്റിങ് വാർഡുകളിലും കോൺഗ്രസ് സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഒമ്പത് സീറ്റുകളാണ് കോൺഗ്രസിന് നൽകിയത്. കഴിഞ്ഞ തവണ കുർബാനി വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ ലീഗ് വിമതനെ നിർത്തിയിരുന്നു. ഇവിടെ കോൺഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പോയി. കഴിഞ്ഞ തവണ എട്ട് സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. ഇത്തവണ മൂന്ന് വാർഡുകൾ വർധിച്ചതോടെ ഒമ്പത് സീറ്റ് നൽകാൻ മുനിസിപ്പൽ യുഡിഎഫ് യോഗത്തിൽ ധാരണയായി. ഇത് ലംഘിച്ചാണ് ഗാന്ധിനഗറിൽ ലീഗ് വിമതനെ നിർത്തിയത്. കോൺഗ്രസിന് കിട്ടിയ മറ്റു വാർഡുകളിലും ലീഗ് വിമതർ പ്രവർത്തനം തുടങ്ങിയതായി ആക്ഷേപമുണ്ട്. പുഴിക്കുന്ന് വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി എന്ന ലീഗ് വാദവും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് നേതൃത്വത്തിന്. മുന്നണിബന്ധം നിലനിർത്തേണ്ടത് കോൺഗ്രസിന്റെമാത്രം ബാധ്യതയല്ലെന്നും ലീഗ് നേതൃത്വം പറയുന്നു.









0 comments