സംസ്ഥാന അത്ലറ്റിക് മീറ്റ്: 
ജില്ലയ്ക്ക് ചരിത്ര വിജയം

a

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ റണ്ണേഴ്‌സപ്പായ മലപ്പുറം ജില്ലാ ടീം

വെബ് ഡെസ്ക്

Published on Aug 20, 2025, 12:42 AM | 2 min read

സ്വന്തം ലേഖകന്‍‌

മലപ്പുറം

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കരുത്ത് തെളിയിച്ച്‌ മലപ്പുറം ചരിത്രത്തിലാദ്യമായി റണ്ണേഴ്സപ്പ് കിരീടം ചൂടി. ട്രാക്കിലും പിറ്റിലും തീപാറിച്ച ജില്ലയുടെ ചുണക്കുട്ടികള്‍ 19 സ്വര്‍ണവും 28 വെള്ളിയും 23 വെങ്കലവുമായി 461.5 പോയിന്റ് സ്വന്തമാക്കി. 539 പോയിന്റുള്ള പാലക്കാടാണ് ചാമ്പ്യന്‍മാര്‍. ആദ്യമായാണ് മലപ്പുറം രണ്ടാംസ്ഥാനത്തെത്തുന്നത്. കഴിഞ്ഞവര്‍ഷം മൂന്നാമതായിരുന്നു. പാലക്കാടിനായി 290 മത്സരാര്‍ഥികള്‍ ഇറങ്ങിയപ്പോള്‍ മലപ്പുറത്തിനായി 185 താരങ്ങള്‍ മാത്രമാണ് കളത്തിലിറങ്ങിയതെന്നും ശ്രദ്ധേയമാണ്. അണ്ടര്‍ 16 വിഭാഗത്തില്‍ ഒരുമീറ്റ് റെക്കോഡ് ഉള്‍പ്പെടെ ഇരട്ട സ്വര്‍ണം നേടിയ വി മുഹമ്മദ് ഫസല്‍ ജില്ലയുടെ അഭിമാനമായി. ഷോട്ട്‌ പുട്ടിലും ഡിസ്‌കസ് ത്രോയിലുമാണ് ഫഹദിന്റെ സ്വര്‍ണവേട്ട. 2024ല്‍ ഷോട്ട്‌ പുട്ടില്‍ എറണാകുളത്തിന്റെ ജീവന്‍ ഷാജു നേടിയ 12.96 മീറ്റര്‍ ദൂരമാണ് ഫഹദ് താണ്ടിയത് (15.03 മീറ്റര്‍). അണ്ടര്‍ 20 വിഭാഗത്തില്‍ സി കെ മുഹമ്മദ് ജസീല്‍ ഇരട്ട മെഡല്‍ നേടി. 1500 മീറ്ററില്‍ സ്വര്‍ണവും 3000 മീറ്ററില്‍ വെള്ളിയുമാണ് സ്വന്തമാക്കിയത്. 2.42 സെക്കന്‍ഡ് വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടമായത്. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ മലപ്പുറത്തിന്റെ പി നിരഞ്ജന സംസ്ഥാന റെക്കോഡ് മറികടന്നെങ്കിലും (15:57:73) മീറ്റ് റെക്കോഡ് നേടാനായില്ല. കണ്ണൂരിന്റെ പി വി നിരഞ്ജന 15:57:69 മിനിറ്റില്‍ മീറ്റ് റെക്കോഡിട്ടു. 2024ല്‍ മലപ്പുറത്തിന്റെ കെ പി ഗീതു 2024ല്‍ നേടിയ 16:6:51 മിനിറ്റാണ് ഇരുവരും മറികടന്നത്. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 4 x 100 മീറ്റര്‍ റിലേയിലും അണ്ടര്‍ 14 ആണ്‍കുട്ടികളുടെ 4 x 100 മീറ്റര്‍ റിലേയിലും ജില്ലാ ടീം സ്വര്‍ണം നേടി. സുവര്‍ണ താരങ്ങള്‍: സി വി മുഹമ്മദ് ഷാമില്‍ (100 മീറ്റര്‍ അണ്ടര്‍ 20), റോണാള്‍ഡ് ടി റോയ് (പോള്‍ വാള്‍ട്ട്‌ അണ്ടര്‍ 18), കെ എ മുഹമ്മദ് സിനാന്‍ (ലോങ് ജംപ് അണ്ടര്‍ 18), എം മുഹമ്മദ് ഷാദില്‍ (800 മീറ്റര്‍ അണ്ടര്‍ 18), ടി പി മുഹമ്മദ് റഹീബ് (ഹൈജംപ് അണ്ടര്‍ 16), ലസിന്‍ മുജീബ് (100 മീറ്റര്‍ അണ്ടര്‍ 16), ജ്വവാദ് ആലം (ട്രയാത്‌ലോണ്‍ അണ്ടര്‍ 14), അലന്‍ ജോസഫ് അനീഷ് (ഹൈജംപ് അണ്ടര്‍ 14), പി വര്‍ഷ (ജാവലിന്‍ ത്രോ, അണ്ടര്‍ 18), സി പി അഷ്‌മിക (ഹൈജംപ് അണ്ടര്‍ 18), പി ടി നദ ഷെറിന്‍ (ഷോട്ട്‌ പുട്ട് അണ്ടര്‍ 14), ഫാത്തിമ അനാന്‍ (ലോങ് ജംപ് അണ്ടര്‍ 14), ആദിത്യ അജി (100 മീറ്റര്‍ ഹര്‍ഡില്‍സ് അണ്ടര്‍ 20), സി കെ ഫസലുല്‍ ഹഖ് (110 മീറ്റര്‍ ഹര്‍ഡില്‍സ് അണ്ടര്‍ 18).



deshabhimani section

Related News

View More
0 comments
Sort by

Home