മലബാർ ഡെർബി ഇന്ന്
‘വി ആർ വെയ്‌റ്റിങ്’

കാലിക്കറ്റ് എഫ്‌സി ക്യാപ്റ്റൻ കെ പ്രശാന്തും മലപ്പുറം എഫ്‌സി ക്യാപ്‌റ്റൻ അമാധൗ സൊക്കുനയും

സ്വന്തം ലേഖകൻ
Published on Oct 02, 2026, 01:06 AM | 1 min read
കോഴിക്കോട്
സൂപ്പർ ലീഗ് കേരളയിലെ ആവേശകരമായ മലബാർ ഡെർബിക്ക് വെള്ളിയാഴ്ച കിക്കോഫ്. ആവേശം വാനോളമുയരുന്ന കാലിക്കറ്റ് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിലുള്ള മത്സരം രാത്രി 7.30ന് കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ നടക്കും. മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ കാലിക്കറ്റ് എഫ്‌സി ക്യാപ്റ്റൻ കെ പ്രശാന്തിന്റെ വാക്കുകളാണ് ആരാധകരും പറയുന്നത്. ‘വി ആർ വെയ്‌റ്റിങ്’.
ആദ്യമത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തതിന്റെ ആവേശത്തിലാണ് കാലിക്കറ്റ് ഇറങ്ങുന്നത്. മലബാർ ഡെർബിയിൽ ഇതുവരെ തോറ്റിട്ടില്ലെന്ന ചരിത്രവും ആതിഥേയർക്ക് ആത്മവിശ്വാസമുയർത്തുന്നു. രണ്ട് സീസണുകളിലായി ഇരു ടീമുകളും നാലുതവണ ഏറ്റുമുട്ടിയപ്പോൾ മൂന്ന് വിജയവും ഒരു സമനിലയുമാണ് കാലിക്കറ്റ് എഫ്‌സിയുടെ സമ്പാദ്യം.
അയൽക്കാരെ ഇതുവരെ തോൽപ്പിക്കാനാകാത്ത മലപ്പുറത്തിന് ഈ റെക്കോഡ് തിരുത്താനുള്ള അവസരമാണ് വെള്ളിയാഴ്ചത്തെ സൂപ്പർ പോരാട്ടം. എന്നാൽ, ആദ്യ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ഫോർസ കൊച്ചി എഫ്‌സിയോട് 1-–0-ന് പരാജയപ്പെട്ടാണ് മലപ്പുറം വരുന്നത്. ടൂർണമെന്റിലെ മുന്നോട്ടുള്ള യാത്രയ്ക്ക് ജയം അനിവാര്യമാണ്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കാണികൾ എത്തിയ മത്സരമായിരുന്നു കോഴിക്കോട്ട് നടന്ന മലബാർ ഡെർബി. സീസണിലെ ആദ്യ വിജയവും മൂന്ന് പോയിന്റും നേടാൻ മലപ്പുറം ഇറങ്ങുമ്പോൾ, റെക്കോഡ് നിലനിർത്താനായിരിക്കും കാലിക്കറ്റിന്റെ ശ്രമം.
വാർത്താസമ്മേളനത്തിൽ മുഖ്യപരിശീലകരായ എവർ ഡെമാൾഡെ, കരീം ബെൻചെരിഫ, മലപ്പുറം എഫ്‌സി ക്യാപ്‌റ്റൻ അമാധൗ സൊക്കുന, മുഹമ്മദ് ബിലാൽ എന്നിവർ പങ്കെടുത്തു. ടിക്കറ്റുകൾ superleaguekerala.com/tickets എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സ്റ്റേഡിയത്തിന് സമീപമുള്ള ബോക്സ് ഓഫീസിലും ടിക്കറ്റുകൾ ലഭിക്കും.









0 comments