കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 40 പേർക്ക് പരിക്ക്

കുറ്റിപ്പുറത്ത് താലൂക്ക് ആശുപത്രിക്കുസമീപം ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം
സ്വന്തം ലേഖകൻ കുറ്റിപ്പുറം കുറ്റിപ്പുറത്ത് താലൂക്ക് ആശുപത്രിക്കുസമീപം ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. 40 പേർക്ക് പരിക്കേറ്റു. കോട്ടക്കലിൽനിന്ന് ചമ്രവട്ടത്തേക്ക് വിവാഹനിശ്ചയത്തിന് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് ഞായർ പകൽ 12നാണ് അപകടത്തിൽപ്പെട്ടത്. കാറിലും മിനി ബസിലും ഇടിച്ച് നിയന്ത്രണംവിട്ടാണ് ടൂറിസ്റ്റ് ബസ് മറിഞ്ഞത്. നാട്ടുകാരും കുറ്റിപ്പുറം പൊലീസും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലാക്കി. പറപ്പൂർ വീണാലുക്കൽ ഭാഗത്തെ പുന്നക്കൽ കുടുംബത്തിലുള്ളവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. കോഴിക്കോട്ടുനിന്ന് വാടാനപള്ളി പോകുകയായിരുന്ന കാർ യാത്രികനും പരിക്കേറ്റിട്ടുണ്ട്. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. നിസ്സാര പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്കാശുപത്രിയിലും മറ്റുള്ളവരെ വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.









0 comments