ഇൗ സീസണിൽ 36 ടൂർണമെന്റുകൾ
ഇനി സെവൻസ് മേളം

മലപ്പുറം
കേരളത്തിലെ കാൽപന്തു പ്രേമികൾക്ക് ഇനി ആഘോഷത്തിന്റെ രാവുകൾ. സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ (എസ്‌എഫ്‌എ) സംഘടിപ്പിക്കുന്ന ടൂർണമെന്റുകൾക്ക് തുടക്കമായി. ശനിയാഴ്‌ച മണ്ണാർക്കാടിന് സമീപം കൊടക്കാടാണ് ആദ്യ ടൂർണമെന്റ് ആരംഭിച്ചത്. 36 ടൂർണമെന്റുകളുടെ ഫിക്‌ചർ തയ്യാറായിക്കഴിഞ്ഞതായി സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ എം ലെനിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇൗ സീസൺ മുതൽ പരമാവധി ടൂർണമെന്റുകളിൽ വാർ സിസ്‌റ്റം നടപ്പാക്കും. അയ്യായിരത്തിൽ അധികം കാണികളെ ഉൾക്കൊള്ളുന്ന ഗ്യാലറിയിൽ കാണികൾക്ക് ഉൾപ്പെടെ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. ടീം അംഗങ്ങൾക്കുള്ള ഇൻഷുറൻസിൽ കളിക്കാരും മാനേജരും അസി. മാനേജരും ഉൾപ്പെടെ 16 പേർക്ക് പരിരക്ഷ ലഭിക്കും.
കളിക്കളത്തിലെ സംഘർഷം പരിഹരിക്കാൻ അച്ചടക്ക സമിതിക്ക് രൂപം നൽകി. കളിക്കാരുടെ പ്രതിനിധി, അസി. കോച്ചുമാരുടെ പ്രതിനിധി, റഫറിമാരുടെ പ്രതിനിധി, ടൂർണമെന്റ് കമ്മിറ്റി പ്രതിനിധി എന്നിവരുൾപ്പെടുന്നതാണ് സമിതി. ഇൗ സമിതി അതതു ദിവസം യോഗം ചേർന്ന് കളി വിലയിരുത്തുകയും അച്ചടക്ക നടപടിയുൾപ്പെടെ സ്വീകരിക്കുകയും ചെയ്യും.
രണ്ട് പ്രാദേശിക ടീമുകൾ ഉൾപ്പെടെ 24 ടീമുകൾ ഇൗ സീസണിൽ രജിസ്‌റ്റർ ചെയ്‌തു. ഇതിനുപുറമേ എഫ്‌സി ഗോവയും ഉണ്ടാകും. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളുമായി ചർച്ച നടക്കുന്നു.
മത്സരങ്ങൾ രാത്രി 7.30 മുതൽ 8.30 വരെയുള്ള സമയത്തിനുള്ളിൽ തുടങ്ങാൻ എല്ലാ ടൂർണമെന്റ് കമ്മിറ്റികൾക്കും നിർദേശം നൽകി. മത്സരം സമനിലയിൽ അവസാനിപ്പിക്കില്ല. ഷൂട്ടൗട്ടിലും മത്സരം തീർന്നില്ലെങ്കിൽ നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കും. 13 വർഷം മുന്പ് നിലച്ചുപോയ മലപ്പുറം എംഎസ്‌പി ടൂർണമെന്റ് ഇൗ വർഷം തുടങ്ങുമെന്നും കെ എം ലെനിൻ പറഞ്ഞു. ജനറൽ സെക്രട്ടറി സൂപ്പർ അഷറഫ് ബാവ, ജോയിന്റ് സെക്രട്ടറി മുബാറക് സാനി, വൈസ് പ്രസിഡന്റ് കെ ടി ഹംസ എന്നിവരും പങ്കെടുത്തു.









0 comments