ഗൃഹോപകരണ കടയിൽ വൻ തീപിടിത്തം; 2 പേരെ രക്ഷിച്ചു

കോട്ടക്കലിലെ ഗൃഹോപകരണ കടയിലുണ്ടായ തീപിടിത്തം
കോട്ടക്കൽ
നഗരത്തിലെ ഗൃഹോപകരണ കടയിൽ വൻ തീപിടിത്തം. കെട്ടിടത്തിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കോട്ടക്കൽ ടൗണിൽ ഗൃഹോപകരണ സാധനങ്ങൾ വിൽക്കുന്ന എംആർ ഏജൻസീസിലാണ് ശനി പുലർച്ചെ തീപിടിച്ചത്. കെട്ടിടത്തിനകത്ത് കുടുങ്ങിയ രണ്ടുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കാസർകോട് മൊഗ്രാൽ സ്വദേശികളായ റിഫായി (18), നൗഫൽ (26) എന്നിവരെയാണ് രക്ഷിച്ചത്. ഇരുവരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുമ്പ് ജ്വല്ലറിയായിരുന്ന ഇരുനില കെട്ടിടത്തിലാണ് കൊല്ലം ഓച്ചിറ സ്വദേശി പുത്തൻവീട്ടിൽ തെക്കേതിൽ മുജീബിന്റെ ഉടമസ്ഥതയിലുള്ള ഗൃഹോപകരണ സ്ഥാപനം പ്രവർത്തിക്കുന്നത്. തീപിടിച്ച സമയത്ത് കെട്ടിടത്തിൽ മൂന്നുപേർ ഉറങ്ങുന്നുണ്ടായിരുന്നു. തീയും പുകയും ഉയരുന്നത് കണ്ട ജീവനക്കാരാണ് അപകടവിവരം ആദ്യമറിയുന്നത്. പുറത്തിറങ്ങാനുള്ള വഴികളിൽ തീ പടർന്നപ്പോൾ കാസർകോട് നെല്ലിക്കുന്ന് സ്വദേശി അഷ്കർ സുനൈഫ് (30) തൊട്ടടുത്ത കെട്ടിടത്തിലേക്ക് കയറി മരത്തിലൂടെ താഴെ ഇറങ്ങി മറ്റുള്ളവരെ അറിയിച്ചു.
അഗ്നിരക്ഷാ സേനാംഗങ്ങളായ കെ സുധീഷ്, അക്ഷയ് രാജീവ് എന്നിവർ ശ്വസനോപകരണങ്ങൾ ഉപയോഗിച്ച് കെട്ടിടത്തിനുള്ളിൽ കയറി റൂഫ് തകർത്ത് അബോധാവസ്ഥയിലായ മറ്റ് രണ്ടുപേരയും പുറത്തെത്തിച്ചു. ഒരാളെ കോണിയിലൂടെയും ഒരാളെ സ്ട്രക്ചറിലുമാണ് രക്ഷിച്ചത്. കെട്ടിടത്തിന്റെ ഇരുവശങ്ങളിലും നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ആശങ്കയായിരുന്നു. മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, താനൂർ, മഞ്ചേരി എന്നിവിടങ്ങളിൽനിന്ന് എട്ട് ഫയർ യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. രക്ഷാപ്രവർത്തനത്തിന് മലപ്പുറം ജില്ലാ ഫയർ ഓഫീസർ ടി അനൂപ്, സ്റ്റേഷൻ ഓഫീസർമാരായ സി ബാബുരാജൻ, എം രാജേന്ദ്രനാഥ്, ഇ കെ അബ്ദുൾ സലിം എന്നിവർ നേതൃത്വം നൽകി.









0 comments