കീഴുപറമ്പ് നാളികേര സഹകരണ യൂണിറ്റ്
ലാഭം വീണ്ടും ലീഗ് സൊസൈറ്റിക്ക്

പി അഭിഷേക്
Published on Jul 29, 2025, 12:14 AM | 1 min read
മലപ്പുറം
കീഴുപറമ്പ് നാളികേര സംസ്കരണ യൂണിറ്റിന്റെ ലാഭവിഹിത വിതരണത്തിൽ ഒളിച്ചുകളി തുടർന്ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി. പെർഫോമൻസ് ഓഡിറ്റിൽ രൂക്ഷവിമർശമുണ്ടായിട്ടും സ്ഥാപനത്തിന്റെ 60 ശതമാനം ലാഭവിഹിതവും ലീഗ് നേതാക്കൾമാത്രം അംഗങ്ങളായി രൂപീകരിച്ച സൊസൈറ്റിക്ക് നൽകാൻ ബോർഡ് യോഗം തീരുമാനിച്ചു. ഇതോടെ രണ്ട് കോടി രൂപയോളം ചെലവാക്കിയ ജില്ലാ പഞ്ചായത്തിന് ലാഭത്തിന്റെ 40 ശതമാനംമാത്രമാണ് ലഭിക്കുക. നേരത്തെ ലാഭവിഹിതത്തിന്റെ 80 ശതമാനവും സൊസൈറ്റിക്കായിരുന്നു. ഇത് ഉചിതമായ വിതരണമല്ലെന്ന് ജൂണിലെ പെർഫോമൻസ് ഓഡിറ്റിൽ വിമർശമുണ്ടായി. തുടർന്നാണ് തിങ്കളാഴ്ച നടന്ന ബോർഡ് യോഗത്തിൽ സൊസൈറ്റിക്കുതന്നെ കൂടുതൽ ലാഭം ലഭിക്കുന്ന രീതിയിൽ വിഹിതം പുനർനിശ്ചയിച്ചത്. ടി പി ഹാരിസ് വിഷയത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചതിനാൽ എതിർപ്പില്ലാതെ തീരുമാനം പാസായി. കീഴുപറമ്പ് പഞ്ചായത്ത് ഡെവലപ്മെന്റ് സൊസൈറ്റി ദാനാധാരമായി നൽകിയ സ്ഥലത്താണ് നാളികേര സംസ്കരണ യൂണിറ്റുള്ളത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ലീഗ് നേതാവുമായ ഇസ്മയിൽ മൂത്തേടം എടവണ്ണ ഡിവിഷൻ അംഗമായിരിക്കെ 2019ലാണ് ഇത് ആരംഭിച്ചത്. പ്രതിദിനം 650 കിലോഗ്രാം വെളിച്ചെണ്ണ ഉൽപ്പാദനമായിരുന്നു ലക്ഷ്യം. ഇതിനായി "കേരവന' വെളിച്ചെണ്ണയും ആരംഭിച്ചു. 2019ൽ ഒപ്പുവച്ച കരാർ പ്രകാരം 20 ശതമാനം വാർഷിക അറ്റാദായം ജില്ലാ പഞ്ചായത്തിന് ഇതുവരെ നൽകിയിട്ടില്ലെന്നും ഓഡിറ്റ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നാളികേരത്തിന്റെ വില കൂടിയതിനാൽ ഉൽപ്പാദനം നടക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.









0 comments