എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം

പോരാട്ടസ്മരണയിൽ പതാക ദിനാചരണം

a
വെബ് ഡെസ്ക്

Published on Jun 21, 2025, 12:14 AM | 1 min read

മലപ്പുറം

രക്തസാക്ഷികളുടെ ഇരമ്പിയാർക്കുന്ന ഓർമകളുമായി എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ പതാകജാഥാ ദിനം ജില്ലയിൽ ആചരിച്ചു. മുഹമ്മദ്‌ മുസ്തഫയുടെ സഹോദരൻ അബൂബക്കർ നെച്ചിയിലിൽ, സൈതാലിയുടെ സഹോദരൻ അബ്ദുറഹിമാൻ എന്നിവരുടെ കൈയിൽനിന്ന്‌ ജില്ലാ സെക്രട്ടറി എൻ ആദിൽ പതാക ഏറ്റുവാങ്ങി. പതാക കൈമാറുന്ന ചടങ്ങിൽ പാലക്കാട് ജില്ലാ സെക്രട്ടറി എസ് വിപിൻ, ജില്ലാ പ്രസിഡന്റ്‌ അഭിഷേക്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ മുഹമ്മദലി ശിഹാബ്, ഷാദുലി, മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി ഗോകുൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി പി മിഥുൻ കൃഷ്ണ, യദു, കെ ശിൽപ്പ എന്നിവർ പങ്കെടുത്തു. ഏരിയ, ലോക്കൽ, ക്യാമ്പസ്‌, പ്രദേശിക യൂണിറ്റ്‌ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. വളാഞ്ചേരിയിൽ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു പതാക ഉയർത്തി. അടിയന്തരാവസ്ഥയുടെ കിരാതനാളുകളിൽ കണ്ണും കാതും വാക്കും കൊട്ടിയടയ്ക്കപ്പെട്ട ഭീകരതക്കെതിരെ പ്രകടനം നടത്തിയതിന്റെ പേരിലാണ് മണ്ണാർക്കാട് എംഇഎസ് കോളേജിലെ പ്രീഡിഗ്രി വിദ്യാർഥിയും എസ്‌എഫ്‌ഐ നേതാവുമായ മുഹമ്മദ് മുസ്തഫയടക്കം ഒമ്പത്‌ പ്രവർത്തകരെ ജൂലൈ 28ന് അർധരാത്രി മിസ നിയമപ്രകാരം പൊലീസ് അറസ്റ്റുചെയ്തത്. പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയ ഭീകര മർദനത്തിൽ 1976 ആഗസ്‌ത്‌ 16ന് മുഹമ്മദ് മുസ്തഫയുടെ ജീവൻനഷ്ടമായി. എസ്എഫ്ഐയിൽനിന്ന് രാജിവച്ചാൽ പുറത്തുവിടാമെന്ന പൊലീസിന്റെ ഉഗ്രശാസനയിൽ ‘ഞാൻ എന്റെ ജീവിതത്തിൽനിന്ന് രാജിവച്ചാലും എസ്എഫ്ഐയിൽനിന്ന് രാജിവയ്‌ക്കില്ല’ എന്ന്‌ പ്രഖ്യാപിച്ച മുസ്‌തഫയുടെ ഓർമകൾ പുതുതലമറയ്‌ക്ക്‌ ഇന്നും ഊർജമാണ്‌. 1974 സെപ്‌തംബർ 19ന് പട്ടാമ്പി സംസ്കൃത കോളേജിൽ വിദ്യാർഥികളെ റാഗ്‌ ചെയ്തിരുന്ന കെഎസ്‌യു–-എബിവിപി - സംഘത്തെ എതിർത്തതിനാണ് സൈതാലിയെ സംഘംചേർന്ന് കൊലപ്പെടുത്തുന്നത്. ഇരുമ്പുദണ്ഡ് ഉപയോഗിച്ച് സൈതാലിയെ ക്രൂരമായി മർദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home