നരഭോജി കടുവ
തിരച്ചിൽ രണ്ടാഴ്ച പിന്നിട്ടു

കരുവാരക്കുണ്ട്
തിരച്ചിൽ രണ്ടാഴ്ച പിന്നിടുമ്പോഴും കടുവ ഭീതിയൊഴിയാതെ കരുവാരക്കുണ്ട്. കാമറയിൽ പ്രത്യക്ഷപ്പെടാതെയും ജനവാസമേഖലയിൽ ചെന്നും കടുവ വനപാലകർക്കും ജനങ്ങൾക്കും തലവേദനയായിമാറുകയാണ്. മലയോരത്ത് കനത്ത മഴയായതിനാൽ വനപാലകർക്ക് തിരച്ചിലിനും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ 15നാണ് ടാപ്പിങ് തൊഴിലാളിയെ കടുവ കൊന്നത്. തുടർന്ന് കടുവ കരുവാരക്കുണ്ട് -കണ്ണത്ത് മലവാരത്തിലെ പോത്തൻകാട്ടിലും ആർത്തലയിലും കറങ്ങി മദാരി എസ്റ്റേറ്റിലും സുല്‍ത്താന എസ്റ്റേറ്റിലുമെത്തി. അവിടെനിന്ന് കുണ്ടോട എസ്റ്റേറ്റിലും അടുത്തദിവസം കല്‍ക്കുണ്ട് വഴി സിടി എസ്റ്റേറ്റിലേക്കും പോയി. രണ്ടാഴ്ചക്കിടെ ഏതെങ്കിലും ജീവിയെ കടുവ വേട്ടയാടിയ ലക്ഷണങ്ങള്‍ കണ്ടിട്ടില്ല. ഇരയുടെ അവശിഷ്ടങ്ങളും എവിടെയും കണ്ടെത്താനായില്ല. പലസമയങ്ങളിലായി അടക്കാക്കുണ്ട്, കരുവാരക്കുണ്ട് ഭാഗങ്ങളില്‍ കാണുന്ന കടുവ ഒന്നുതന്നെയാണോ എന്നും വ്യക്തമല്ല. അടക്കാക്കുണ്ടിലെ കാമറയില്‍ ഒരിക്കല്‍ തെളിഞ്ഞ കടുവ ആരോഗ്യവാനായിരുന്നുവെന്നാണ് വിലയിരുത്തൽ. അതേസമയം, കഴിഞ്ഞദിവസം കല്‍ക്കുണ്ടില്‍ കണ്ടത് ക്ഷീണിച്ച കടുവയാണ്.
കടുവയെ കണ്ടെന്ന് *തൊഴിലാളികൾ
കുരിക്കലോട് എസ്റ്റേറ്റ് എ വൺ ഡിവിഷനിൽ കടുവയെ കണ്ടതായി തോട്ടം തൊഴിലാളികൾ അറിയിച്ചു. എസ്റ്റേറ്റ് മാനേജരാണ് വിവരം കൺട്രോൾ റൂമിൽ അറിയിച്ചത്. സ്ഥലത്ത് ദൗത്യസംഘം തിരച്ചിൽ നടത്തുന്നുണ്ട്. പന്നിയെ ഓടിക്കുന്നതായാണ് തൊഴിലാളികൾ കണ്ടത്. സമീപത്തുള്ള സുൽത്താന എസ്റ്റേറ്റിൽ നിലവിൽ കൂട് സ്ഥാപിച്ചിട്ടുണ്ട്. ദൗത്യ സംഘം കടുവയെകണ്ട സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് ഒരുകൂട് കൂടി സ്ഥാപിക്കുവാനുള്ള നടപടി സ്വീകരിച്ചു.









0 comments