വീട്ടില്‍ പ്രസവം
ദുരാചാരങ്ങള്‍ തുടച്ചുനീക്കണമെന്ന് കോടതി

മഞ്ചേരി
പ്രസവം വീട്ടിലായിരിക്കണമെന്ന ദുരാചാരങ്ങൾ സമൂഹത്തിൽനിന്ന് തുടച്ചുനീക്കണമെന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി. മലപ്പുറം കോഡൂരിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവവത്തിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് ആലപ്പുഴ വണ്ടാനം അമ്പലപ്പുഴ വളഞ്ഞവഴി നീർക്കുന്ന് സിറാജുദ്ദീൻ (39) നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജില്ലാ പ്രിൻസിപ്പൽ ജഡ്ജ് കെ സനിൽകുമാറിന്റെ പരാമർശം.
ഭാര്യ വീട്ടിൽവച്ചുതന്നെ പ്രസവിക്കണമെന്നായിരിന്നു സിറാജുദ്ദീന്റെ നിർബന്ധം. ഏപ്രിൽ അഞ്ചിന് ഇയാളുടെ ഭാര്യ അസ്മ (34) വീട്ടിൽവച്ചുതന്നെ അഞ്ചാമത്തെ കുട്ടിയെ പ്രസവിച്ചു. ആശുപത്രി സൗകര്യം ലഭ്യമായിട്ടും ഭർത്താവ് അന്ധവിശ്വാസത്തിന്റെ ഭാഗമായി ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഭാര്യ മരിക്കുകയായിരുന്നു.
അസ്വാഭാവിക മരണം പൊലീസിൽ അറിയിക്കാതെ മൃതദേഹം ഖബറടക്കാൻ ഭാര്യ വീടായ പെരുമ്പാവൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഖബറടക്കം തടഞ്ഞ പെരുമ്പാവൂർ പൊലീസ് മൃതദേഹം താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലേക്കുമാറ്റി. കളമശേരി മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം പ്രൊഫസർ ഡോ. ലിസ ജോൺ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ അശാസ്ത്രീയ പ്രസവമെടുപ്പാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.
പ്രതിക്ക് മഞ്ചേരി ജില്ലാ സെഷൻസ് കോടതി ജാമ്യം നൽകി. മുൻ ക്രിമിനൽ പശ്ചാത്തലമില്ലെന്നും പ്രതിയെ കസ്റ്റഡിൽ നിർത്തി വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യമുന്നയിക്കാത്തതിനാലുമാണ് ജാമ്യം നൽകുന്നതെന്നും കോടതി ജാമ്യ റിപ്പോർട്ടിൽ പറയുന്നു.









0 comments