കിണറുകളിൽ ഡീസൽ: ഹക്കോടതിക്ക് റിപ്പോർട്ട് നൽകും

പെരിന്തൽമണ്ണ
പരിയാപുരത്തെ എട്ട് വീടുകളിലെ കിണറുകളിൽ ഡീസൽ കലർന്നതിനെ തുടർന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കാത്തതിനെതിരെ ബാലാവകാശ കമീഷൻ. ടാങ്കർ ലോറി മറിഞ്ഞ് 2023 ആഗസ്ത് 20നാണ് പ്രദേശത്തെ കിണറുകൾ മലിനമായത്.
പരാതി ലഭിച്ചതിനെ തുടർന്ന് പരിയാപുരം ഫാത്തിമ ചാരിറ്റബിൾ ബോർഡിങ് ഹോമിലെത്തിയ ബാലാവകാശ കമീഷൻ അംഗം സിസിലി ജോസഫ് സിസ്റ്റർമാരുമായും ജനകീയ സമിതി ഭാരവാഹികളുമായും ദുരിതമനുഭവിക്കുന്നവരുമായും ചർച്ച നടത്തി.
മുപ്പതോളം കുട്ടികളും അന്തേവാസികളും താമസിക്കുന്ന ചാരിറ്റബിൾ ഹോമിൽ ഇതുവരെയും ശുദ്ധജലം ലഭ്യമാകാത്തത് കടുത്ത ബാലാവകാശ ലംഘനമാണെന്നും ഇതുസംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതിക്ക് സമർപ്പിക്കുമെന്നും സിസിലി ജോസഫ് പറഞ്ഞു.
തിരുവനന്തപുരത്ത് ചെയർപഴ്സൺ കെ വി മനോജ് കുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യുമെന്നും അവർ പറഞ്ഞു. പഞ്ചായത്തംഗം അനിൽ പുലിപ്ര, സമിതി ഭാരവാഹികളായ സിസ്റ്റർ അനില മാത്യു, മനോജ് വീട്ടുവേലിക്കുന്നേൽ, ഏലിയാമ്മ തോമസ്, സാബു കാലായിൽ, റോയി തോയക്കുളം, മദർ സുപ്പീരിയർ സിസ്റ്റർ മെർലിൻ ജോസ്, സ്കൂൾ പിടിഎ പ്രസിഡന്റ് സാജു ജോർജ്, കെ എ ഫിലിപ്പോസ്, എം ജോൺ ചാക്കോ, ലിസമ്മ സെബാസ്റ്റ്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലും ഫാത്തിമ യുപി സ്‌കൂളിലുമെത്തി കമീഷൻ അംഗം അധ്യാപകരുമായും കുട്ടികളുമായും സംസാരിച്ചു.









0 comments