ട്രോളിങ് നിരോധനത്തിന്_തുടക്കം
ബോട്ടുകൾ തീരമണഞ്ഞു

ട്രോളിങ് നിരോധനത്തെ തുടർന്ന് പൊന്നാനി ഹാർബറിൽ അടുപ്പിച്ച ബോട്ടുകൾ

സ്വന്തം ലേഖകൻ
Published on Jun 10, 2025, 12:20 AM | 2 min read
പൊന്നാനി
തീരത്ത് ഇനി കാത്തിരിപ്പിന്റെ നാളുകൾ. പ്രജനനകാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കാൻ 52 ദിവസത്തെ ട്രോളിങ് നിരോധനത്തിന് തിങ്കളാഴ്‌ച അർധരാത്രിയോടെ തുടക്കമായി. ഇതോടെ_യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള ആഴക്കടലിലെ_ മീൻപിടിത്തം നിലച്ചു.
ജില്ലയിൽ 198 യന്ത്രവൽകൃത ബോട്ടുകളാണുള്ളത്. ബോട്ടിലെ യന്ത്രങ്ങളും വലകളും ഉൾപ്പെടെയുള്ളതെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പല ബോട്ടുകളും ദിവസങ്ങൾമുമ്പുതന്നെ തീരത്ത് അടുപ്പിച്ചിരുന്നു.
ആശ്വാസം സർക്കാർ റേഷൻ മാത്രം
ട്രോളിങ് കാലത്ത് സർക്കാർ നൽകുന്ന സൗജന്യ റേഷൻ മത്സ്യത്തൊഴിലാളികൾക്ക് ഏറെ ആശ്വാസമാണ്. സൗജന്യറേഷന് അർഹതപ്പെട്ട മത്സ്യതൊഴിലാളികളുടെ ലിസ്റ്റ് സിവിൽ സപ്ലൈസിന് കൈമാറിയിട്ടുണ്ട്. ട്രോളിങ് ബോട്ടുകളിലെ അംഗീകൃത മത്സ്യത്തൊഴിലാളികളായ 700 കുടുംബങ്ങൾക്കാണ് റേഷൻ ലഭിക്കുക.
സമ്പാദ്യ സമാശ്വാസമായി 4500 രൂപ
മത്സ്യത്തൊഴിലാളികൾക്കുള്ള സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ ഭാഗമായി അംഗങ്ങളായ മുഴുവൻ തൊഴിലാളികൾക്കും 4500 രൂപ വീതം നൽകും. ജില്ലയിൽ 31,000 പേർക്ക് തുക ലഭിക്കും. ഇതിൽ 1500 രൂപ ഗുണഭോക്തൃവിഹിതവും 1500 രൂപ വീതം കേന്ദ്ര–- സംസ്ഥാന വിഹിതവുമാണ്.
സജ്ജമായി ഫിഷറീസ്
ട്രോളിങ് നിരോധനം കാര്യക്ഷമമായി നടപ്പാക്കാൻ ഫിഷറീസ് വകുപ്പ് സജ്ജം. താനൂരും പൊന്നാനിയിലും ബോട്ടുകളിൽ പരിശോധന നടത്തും. എട്ട് റസ്ക്യൂ ഗാർഡുമാരെയും സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നു. രണ്ട് തോണികൾ ഉപയോഗിച്ചുള്ള ബുൾട്രോളിങ്, പെയർ ട്രോളിങ് എന്നിവയും നിരോധിച്ചതായും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കെഎംഎഫ്ആർ ആക്ട് പ്രകാരം ബോട്ടുകൾ പിടിച്ചെടുത്ത് പിഴ ചുമത്തും. ട്രോളിങ് നിരോധന കാലയളവിൽ കടലിൽ പോകുന്നവർ ജീവൻ രക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കണം.
കാലാവസ്ഥ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 0494-2667428.
അറ്റകുറ്റപ്പണി, പ്രതിസന്ധി
‘ ബോട്ടുകളുടെ കേടുപാടുകൾ തീർക്കലും യന്ത്രങ്ങൾ കണ്ടീഷനാക്കി മാറ്റലും പ്രധാനമാണ്. ഒപ്പം വലകളുടെ കേടുപാടുകളും തീർക്കണം. ഇതിന് ലക്ഷങ്ങൾ വേണം. ഇത്തവണ സീസൺ മോശമായിരുന്നു. കിട്ടിയ മീനിന് വില കിട്ടാതെ വന്നതും ഇന്ധന വിലവർദ്ധനയും പ്രതിസന്ധിയായി. കടം വാങ്ങിയും ലോണെടുത്തുമാണ് അറ്റകുറ്റപണിക്കുള്ള തുക കണ്ടെത്തുന്നത് ’–- ബോട്ടുടമകളായ സജാദും അലി കോയയും പറഞ്ഞു.








0 comments