പോക്സോ കേസിൽ ഒളിവിലായിരുന്നയാൾ അറസ്റ്റിൽ

ഷംസു
പൊന്നാനി
പോക്സോ കേസിൽ ഒളിവിൽപോയ പ്രതിയെ തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് പൊലീസ് പിടികൂടി. പൊന്നാനിയിലെ പൊടിമില്ലിൽ ജോലിക്കാരനായ രായിൻവീട്ടിൽ ഷംസു (51)ആണ് അറസ്റ്റിലായത്. പൊടിമില്ലിൽ ആളില്ലാത്ത നേരത്ത് പെൺകുട്ടിയെ വിളിച്ചുകയറ്റി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയും വീട്ടുകാരും പരാതി നൽകിയതോടെയാണ് ഇയാൾ ഒളിവിൽപോയത്.
20 ദിവസത്തോളമായി തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായി താമസിച്ചുവരികയായിരുന്നു. പ്രതി മൊബൈൽഫോൺ ഉപയോഗിച്ചിരുന്നില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈൽഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും സംസ്ഥാനത്തിനുപുറത്ത് പ്രതി പോകാനിടയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് നാഗപട്ടണത്തെ നാഗൂർ ദർഗയിൽ താമസിച്ചുവരുന്നതായി വിവരം ലഭിച്ചത്. പൊന്നാനി പൊലീസ് നാഗൂരിൽ എത്തി നാഗപട്ടണം ജില്ലാ സ്പെഷ്യൽ പൊലീസ് ടീമുമായി ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊന്നാനി ഇൻസ്പെക്ടർ എസ് അഷറഫ്, എസ്ഐ എ ബിബിൻ, എഎസ്ഐ വർഗീസ്, എസ്‌സിപിഒമാരായ അഷറഫ്, നാസർ, പ്രശാന്ത് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ 10 വർഷംമുമ്പ് സമാനമായ മറ്റൊരു കേസിലും പ്രതിയായിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.








0 comments