രോഗം തോറ്റു, അഷ്‌ഫിൻ ജയിച്ചു

 അഷ്ഫിൻ

അഷ്ഫിൻ

avatar
സ്വന്തം ലേഖകൻ

Published on May 11, 2025, 01:06 AM | 1 min read

കോട്ടക്കൽ

സ്‌പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) ബാധിച്ച് വീൽ ചെയറിൽ കഴിയേണ്ടി വന്ന അഷ്ഫിന്റെ മിന്നും വിജയമാണ് ഇത്തവണ രാജാസിന്റെ ഹൈലൈറ്റ്. പരിമിതികളോട് പടവെട്ടിയാണ്‌ എസ്‌എസ്‌എൽസി പരീക്ഷയിൽ ഈ മിടുക്കൻ എട്ട്‌ എ പ്ലസും രണ്ട്‌ എയും നേടിയത്‌.

വീൽ ചെയറിൽ അനങ്ങാൻ പോലുമാകാതെ, കൈകൾ ചലിപ്പിക്കാനാകാതെയാണ്‌ ചെറുശ്ശോല സ്വാഗതമാട് കാലടി സ്വദേശി ഫൈസൽ മുനീറിന്റെ മകൻ അഷ്ഫിൻ സ്ക്രൈബിനെ ഉപയോഗിച്ച്‌ പരീക്ഷ എഴുതിയത്. ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അഹമ്മദ് ഹാഷിർ ആയിരുന്നു സഹായി.

അസുഖം കാരണം സ്ഥിരമായി സ്കൂളിൽ എത്താനാവില്ല. വീട്ടിലിരുന്നാണ് പഠനം. സഹോദരനായ അഷ്മൽ ഫൈസലാണ്‌ അധ്യാപകൻ. ചികിത്സയുടെ ഭാഗമായി യുഎഇയിലാണ് അഷ്ഫിൻ കുടുംബത്തോടൊപ്പം താമസം. സൈബർ സെക്യൂരിറ്റിയാണ് ഇഷ്ടമേഖല. യുഎഇയിൽ നിലവിൽ സൈബർ സെക്യൂരിറ്റി കോഴ്സും പഠിക്കുന്നുണ്ട്.

ഷാർജ ലൈബ്രറിയിൽ അംഗത്വമുള്ള അഷ്ഫിന് പുസ്തകങ്ങളാണ് കൂട്ട്. അറുനൂറോളം പുസ്തകങ്ങൾ ഇതിനകം വായിച്ചു. വലിയ പുസ്തകശേഖരവും സ്വന്തമായുണ്ട്. പരീക്ഷാസമയങ്ങളിൽ ഉമ്മ ജസീനയാണ്‌ സ്കൂളിൽ കൊണ്ടുവിട്ടിരുന്നത്. അഷ്‌മലിനെക്കൂടാതെ അഷ്ബ ഫാത്തിമ, അഷാൽ നഫീസ, അഷ്മി മെഹ്‌വിഷ് എന്നിവരും സഹോദരങ്ങളാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Home