സ്വച്ഛ് സർവേക്ഷൺ

റാങ്കിങ് മെച്ചപ്പെടുത്തി നഗരസഭകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2025, 12:15 PM | 1 min read

മലപ്പുറം

ശുചിത്വം, ശാസ്‌ത്രീയ മാലിന്യസംസ്‌കരണം, നഗര സൗന്ദര്യവൽക്കരണം തുടങ്ങിയ മേഖലകളിൽ മികച്ച പ്രകടനവുമായി ജില്ലയിലെ നഗരസഭകൾ. കേന്ദ്ര പാർപ്പിട- കുടിവെള്ള മന്ത്രാലയം നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൺ–-2024ൽ ജില്ലയിലെ എല്ലാ നഗരസഭകളും റാങ്കിങ് മെച്ചപ്പെടുത്തി.

കോട്ടക്കൽ നഗരസഭയാണ്‌ ജില്ലയിൽ മികച്ച റാങ്ക് നേടിയത്. 4500ൽ പരം നഗരസഭകളിൽ നടന്ന സർവേയിൽ ദേശീയതലത്തിൽ 248ാം സ്ഥാനവും സംസ്ഥാനതലത്തിൽ 15-ാം സ്ഥാനവും നേടി. വളാഞ്ചേരി നഗരസഭയ്ക്ക് ‘ഗാർബേജ് ഫ്രീ സിറ്റി’ ‘വൺ സ്റ്റാർ’ പദവിയും ലഭിച്ചു.

ജില്ലയിലെ 10 നഗരസഭകൾക്ക് ഒഡിഎഫ്‌ പ്ലസ്‌ സർട്ടിഫിക്കേഷനും രണ്ട്‌ നഗരസഭകൾക്ക് ഒഡിഎഫ്‌ സർട്ടിഫിക്കേഷനും ലഭിച്ചു. തുറസ്സായ മലമൂത്രവിസർജനം ഇല്ലെന്ന്‌ ഉറപ്പാക്കുകയും വ്യക്തിഗത ശൗചാലയങ്ങളും പൊതുശൗചാലയങ്ങളും ഉറപ്പാക്കുകയും ചെയ്തതിനാണ് അംഗീകാരം. 2025ലെ സർവേക്ഷണ്‍ പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തമായി പുരോഗമിക്കുകയാണെന്ന് ശുചിത്വ മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ എ ആതിര പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home