നഗരത്തിന്റെ ആരോഗ്യം ഡബിൾ സ്ട്രോങ്

പെരിന്തൽമണ്ണയിലെ നഗര കുടുംബാരോഗ്യ കേന്ദ്രം

സ്വന്തം ലേഖകൻ
Published on Jul 17, 2025, 12:28 AM | 2 min read
മഞ്ചേരി
തിരക്കുള്ള നഗരങ്ങളിലും മികച്ച ചികിത്സ ഇനി ഈസിയാകും. സ്‌പെഷ്യലിസ്റ്റ് ഡോക്‌ടർമാരുടെ സേവനം നഗര ആരോഗ്യ കേന്ദ്രങ്ങളിലും (യുപിഎച്ച്സി) ലഭ്യമായി തുടങ്ങി. ജില്ലയിലെ 14 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ശിശുരോഗം (പീഡിയാട്രിക്സ്), ഗൈനക്കോളജി, ഇഎൻടി, സൈക്യാട്രി, നേത്രരോഗം, ദന്തൽ, ഡയറ്റീഷ്യൻ എന്നീ സ്പെഷ്യാലിറ്റികളിലാണ് സേവനം ലഭ്യമാകുക.
ഗ്രാമീണ മേഖലയ്ക്ക് സമാനമായി നഗരവാസികൾക്കും മികച്ച പ്രാഥമികാരോഗ്യവും വിദഗ്‌ധ ചികിത്സയും ഉറപ്പാക്കുകയാണ് ലക്ഷ്യം. രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെയാണ് ഈ കേന്ദ്രങ്ങളുടെ പ്രവർത്തനം. അർബൻ പോളി ക്ലിനിക്ക് എന്നാകും ഇവ അറിയപ്പെടുക. ആഴ്‌ചയിൽ വ്യത്യസ്‌ത ദിനങ്ങളിലുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്‌ടർമാരുടെ സേവനം സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. കോട്ടക്കൽ, പൊന്നാനി, ഇരവിമംഗലം, താനൂർ, തിരൂരങ്ങാടി, പാണക്കാട്, കൊണ്ടോട്ടി, മംഗലശേരി, തിരൂർ, വേട്ടേക്കോട്, വളാഞ്ചേരി, ബിയ്യം, പരപ്പനങ്ങാടി, മുമ്മുള്ളി എന്നിങ്ങനെയാണ് ജില്ലയിലെ നഗര ആരോഗ്യകേന്ദ്രങ്ങൾ.
മികച്ച ചികിത്സയ്‌ക്ക് 38 ജനകീയ ആരോഗ്യ കേന്ദ്രങ്ങളും
ഡോക്‌ടറെ കാണാൻ കാത്തുനിൽക്കേണ്ട. 14 അർബൻ പിഎച്ച്സികളും അതിന് കീഴിലായി 38 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളും (അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ) ജില്ലയിൽ പുതുതായി ആരംഭിച്ചു. ഓരോ കേന്ദ്രത്തിനും ആദ്യഘട്ടത്തിൽ 48 ലക്ഷം രൂപവീതമാണ് അനുവദിച്ചത്. സ്വകാര്യ ആശുപത്രികളിൽ വലിയ തുക ഈടാക്കുന്ന പല ചികിത്സകളും ഇവിടെ പൂർണമായും സൗജന്യമാണ്. രണ്ട് ഡോക്ടർമാർ, രണ്ട് സ്റ്റാഫ് നഴ്‌സുമാർ, ഒരു ഫാർമസിസ്റ്റ് എന്നിവർ ഓരോ കേന്ദ്രത്തിലുമുണ്ട്. പൊതു അവധി ദിവസങ്ങൾ ഒഴികെ ആഴ്ചയിൽ ആറുദിവസവും പകൽ രണ്ടുമുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തനം.
നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ
ചെമ്മലപറമ്പ്, മേലേപറമ്പ്, നീറാട് (കൊണ്ടോട്ടി), ആമപ്പാറ, മരവെട്ടം, പാപ്പായി (കോട്ടക്കൽ), ആലത്തൂർപടി, കാട്ടുങ്ങൽ, നൂറേങ്ങൻമുക്ക് (മലപ്പുറം), ബീരാൻ കോളനി, പട്ടാറക്ക, രാമൻകുത്ത് (നിലമ്പൂർ), ഉള്ളണം, കോട്ടത്തല, പുത്തൻകടപ്പുറം (പരപ്പനങ്ങാടി), ജൂബിലി റോഡ്, നാരങ്ങാകുണ്ട്, മമ്പ്രപ്പടി (പെരിന്തൽമണ്ണ), കുറ്റിക്കാട്, പുതുപൊന്നാനി, വണ്ടിപ്പേട്ട, കടവനാട് ( പൊന്നാനി), ഇല്ലത്ത്‌പാടം, നടുവിലങ്ങാടി (തിരൂർ), കണ്ണാന്തളി, കാരാട് (താനൂർ), ചുള്ളിപാറ, കോയിൽപ്പടി, പതിനാറുങ്കൽ (തിരൂരങ്ങാടി), കഞ്ഞിപ്പുര, കാട്ടിപറമ്പ്, കൊളമങ്കലം (വളാഞ്ചേരി), -പിലാക്കൽ, വട്ടപ്പാറ, തോട്ടുപൊയിൽ, നെല്ലിക്കുത്ത്, പുല്ലൂര്, വീമ്പൂർ (മഞ്ചേരി).









0 comments