ഇ മാലിന്യം

3674.7 കിലോ ശേഖരിച്ചു, നൽകിയത്‌ 33,117 രൂപ

a
avatar
സ്വന്തം ലേഖിക

Published on Oct 06, 2025, 01:22 AM | 1 min read

മലപ്പുറം

വീടുകളിൽനിന്ന്‌ ഹരിതകർമസേന ശേഖരിച്ചത്‌ 3674.7 കിലോ ഇ–മാലിന്യം. പുനരുപയോഗ യോഗ്യമായ ഇ– മാലിന്യത്തിന്‌ പൊതുജനങ്ങൾക്ക്‌ പ്രതിഫലമായി നൽകിയത്‌ 33,117 രൂപയും. വിവിധ നഗരസഭകളിൽ നിന്നാണ്‌ ക്ലീൻ കേരള കന്പനി ഹരിതകർമസേനാംഗങ്ങളെ നിയോഗിച്ച്‌ ഇ– മാലിന്യമെടുത്തത്‌. ജില്ലയിലെ 12 നഗരസഭകളിലെ 344 വാർഡുകളിലാണ്‌ ഇ– മാലിന്യ ശേഖരണം നടന്നത്‌. നിലമ്പൂർ നഗരസഭയിൽനിന്നാണ്‌ കൂടുതൽ ഇലക്ട്രോണിക്‌ മാലിന്യം ശേഖരിച്ചത്‌– 1390.3 കിലോ. വീട്ടുപകരണങ്ങളും കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളും ലഭിക്കുന്നുണ്ടെങ്കിലും ശേഖരിച്ചവയിൽ കൂടുതലും ടെലിവിഷനാണ്‌.

ഹരിതകർമസേന കൺസോർഷ്യം ഫണ്ടിൽനിന്നോ തദ്ദേശസ്ഥാപനത്തിന്റെ തനത് ഫണ്ടിൽനിന്നോ ആകും ശേഖരിക്കുന്ന മാലിന്യത്തിന്‌ വില നൽകുന്നത്. പിന്നീട്‌ ഇ– മാലിന്യം ക്ലീൻ കേരള കമ്പനി ഏറ്റെടുക്കുമ്പോൾ ഇ‍ൗ തുക അധിക വരുമാനം സഹിതം ഹരിതകർമസേനയ്ക്ക്‌ തിരികെ ലഭിക്കും.

അപകടകരമല്ലാത്ത ഇലക്ട്രോണിക്-, ഇലക്ട്രിക്കൽ ഗണത്തിൽപെടുന്ന 44 ഇനങ്ങളാണ് ഹരിതകർമസേന വില നൽകി ശേഖരിക്കുന്നത്‌. ശേഖരിച്ച ഇ– മാലിന്യങ്ങൾ ക്ലീൻ കേരള കന്പനിയുടെ ഗോഡ‍ൗണിൽ എത്തിച്ച്‌ തരംതിരിക്കും. ഇതിൽ പുനഃചംക്രമണം നടത്താൻ കഴിയുന്നത്‌ അംഗീകൃത ഏജൻസികൾക്ക്‌ കൈമാറും. സെന്റർ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള ഇ വേസ്റ്റ്‌ റീ സൈക്ലിങ് ചെയ്യുന്ന കമ്പനികൾക്കാണ്‌ കൈമാറുക.

ഇനി പഞ്ചായത്തുകളിലും ഹരിതകർമസേനയെത്തും

ഇ –വേസ്റ്റ്‌ ശേഖരിക്കാൻ ഹരിതകർമസേന ഇനി പഞ്ചായത്തുകളിലും എത്തും. നഗരസഭകൾ കേന്ദ്രീകരിച്ചുള്ള ഇലക്ട്രോണിക്‌ മാലിന്യശേഖരണം വിജയകരമായി നടപ്പാക്കിയതിനെ തുടർന്നാണ്‌ നടപടി. തദ്ദേശവകുപ്പ്, ക്ലീൻ കേരള കമ്പനി, ശുചിത്വമിഷൻ, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.


​ശേഖരിച്ച ഇ മാലിന്യം നഗരസഭ തിരിച്ച്‌

​മലപ്പുറം 18 കിലോ

വളാഞ്ചേരി 162.7 കിലോ

നിലമ്പൂർ 1390.3 കിലോ

മഞ്ചേരി 190 കിലോ

തിരൂർ 150 കിലോ

കോട്ടക്കൽ 839.3 കിലോ

പരപ്പനങ്ങാടി 200 കിലോ

​തിരൂരങ്ങാടി 28 കിലോ

താനൂർ 691.4 കിലോ



deshabhimani section

Related News

View More
0 comments
Sort by

Home