മാലിന്യമുക്ത നവകേരളം

ഇ മാലിന്യത്തിന്‌ ഫുൾസ്‌റ്റോപ്പ്‌

a

ക്ലീൻ കേരള കമ്പനിയുടെ ഗോഡൗണിലെ ഇ- മാലിന്യം (ഫയൽചിത്രം)

avatar
സ്വന്തം ലേഖിക

Published on Jul 17, 2025, 12:19 AM | 1 min read

മലപ്പുറം

വീടുകളിലും സ്ഥാപനങ്ങളിലും നിറയുന്ന ഇലക്‌ട്രോണിക്‌- -മാലിന്യം വില നൽകി ശേഖരിക്കാൻ ഇനി ഹരിതകർമസേനയെത്തും. ജില്ലയിൽ ആദ്യഘട്ടത്തിൽ പൈലറ്റ് പദ്ധതിയായി നഗരസഭകളിലാണ് നടപ്പാക്കുക. ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ശുചിത്വ മിഷൻ, നവകേരള മിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ പിന്തുണയിൽ അതത്‌ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ. ശേഖരിക്കുന്ന ഇ- മാലിന്യത്തിന്റെ അളവനുസരിച്ച് പണം നൽകും. ആദ്യഘട്ടത്തിൽ നഗരസഭാ പരിധിയിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന്‌ മാലിന്യം ശേഖരിക്കും. ഇവ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ശേഖരിക്കേണ്ട മാലിന്യങ്ങൾ, പുനഃചംക്രമണ സാധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ, ഇ -മാലിന്യത്തിന്റെ വില, ഭവിഷ്യത്തുകൾ എന്നിവ കേന്ദ്രീകരിച്ച് ഹരിതകർമ സേനാംഗങ്ങൾക്ക് ക്ലീൻ കേരള കമ്പനി പരിശീലനവും നൽകും. ഹരിതകർമസേന മുഖേനയുള്ള ഇ മാലിന്യശേഖരണ ദിവസവും സമയവും മുൻകൂട്ടി അറിയിക്കും. മാലിന്യത്തിന്റെ വില കൃത്യമായി നിശ്ചയിച്ച്‌ പണവും നൽകും. ഇത്തരത്തിൽ ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം എംസിഎഫുകളിൽ സുരക്ഷിതമായി സൂക്ഷിക്കും. ഇവിടെനിന്ന്‌ നിശ്ചിത ദിവസം ക്ലീൻ കേരള കമ്പനിയിലേക്ക് എത്തിക്കും. തദ്ദേശസ്ഥാപനങ്ങളിൽ എംസിഎഫ്‌ ഇല്ലെങ്കിൽ ഹരിതകർമസേനയിൽനിന്ന്‌ ക്ലീൻ കേരള കമ്പനി നേരിട്ട്‌ ഇ - വേസ്റ്റ്‌ സുരക്ഷിതമായി ശേഖരിക്കും. ഇ വേസ്റ്റ്‌ സംഭരണത്തിനായി ക്ലീൻ കേരള കമ്പനി പടപ്പറമ്പിൽ 2500 സ്‌ക്വയർ ഫീറ്റിൽ ഗോഡൗൺ ആരംഭിച്ചിട്ടുണ്ട്‌.

വില 43 ഇനം *ഇ -മാലിന്യങ്ങൾക്ക്‌

പദ്ധതി പ്രകാരം എല്ലാ ഇ- മാലിന്യങ്ങളും ശേഖരിക്കുമെങ്കിലും പുനഃചംക്രമണ യോഗ്യമായ മാലിന്യങ്ങൾക്കാണ്‌ വില. മൊബൈൽഫോൺ, മൗസ്‌, കീബോർഡ്‌, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ഫാൻ, ലാപ്‌ടോപ്‌, സിപിയു, എസി, സ്‌പീക്കർ, ചാർജർ, ഹെഡ്‌ഫോൺ തുടങ്ങിയ 43 ഇനങ്ങൾക്ക്‌ വില കിട്ടും.

മൂന്നുവർഷം, *72,957.40 കിലോ

ജില്ലയിൽ ക്ലീൻ കേരള കമ്പനി കഴിഞ്ഞ മൂന്നുവർഷത്തിനിടെ ശേഖരിച്ചത്‌ 72,957.40 കിലോ ഇ -മാലിന്യം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിവിധ സർക്കാർസ്ഥാപനങ്ങളിൽ നിന്നാണ്‌ ഇവ ശേഖരിച്ചത്‌. 2022–-23ൽ 3752 കിലോ, 2023–-24ൽ 18,569.70 കിലോ, 2024-–- 25ൽ മാർച്ച്‌ വരെ 50,635.70 കിലോ എന്നിങ്ങനെയാണ്‌ ശേഖരിച്ച ഇ മാലിന്യത്തിന്റെ കണക്ക്‌.



deshabhimani section

Related News

View More
0 comments
Sort by

Home