കഞ്ചാവും ഹാഷിഷ് ഓയിലുമായി ആന്ധ്ര സ്വദേശികൾ പിടിയിൽ

കുറ്റിപ്പുറത്ത് ലഹരിയുമായി പിടിയിലായ ആന്ധ്ര സ്വദേശികൾ
കുറ്റിപ്പുറം
എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവും 58ഗ്രാം ഹാഷിഷ് ഓയിലുമായി ആന്ധ്ര സ്വദേശികൾ പിടിയിൽ. പുട്ടുരു സായ് മഞ്ജുനാഥ് (24), ഗണ്ട അർജുൻ നായിഡു (30) എന്നിവരാണ് പിടിയിലായത്. വ്യാഴം പകൽ ഒന്നോടെ കുറ്റിപ്പുറം മഞ്ചാടി പ്രദേശത്ത് യുവാവിന്റെ സംശയാസ്‌പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട എക്‌സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. ഇയാളിൽനിന്ന് കഞ്ചാവ് പൊതി കണ്ടെത്തിയതോടെ കൂടുതൽ ചോദ്യംചെയ്‌തപ്പോൾ ലഹരി വിൽപ്പനയുടെ ഇടനിലക്കാരനാണെന്ന് മനസ്സിലാകുകയായിരുന്നു.
തുടർന്ന് ആതവനാട് പരിധിയിലുള്ള വാടക ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ 250 ചെറിയ പൊതികളിലാക്കിയ രണ്ട് കിലോയോളം കഞ്ചാവും 58 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി. മലയാളിയായ യുവാവ് ചെറിയ പാക്കറ്റുകളായി എത്തിക്കുന്ന ലഹരി കുറ്റിപ്പുറം–- -തിരൂർ റോഡിലെ വിവിധ ഇടങ്ങളിൽ ഒളിപ്പിച്ചുവയ്‌ക്കുന്നത് ഇവരാണ്. ആവശ്യക്കാർ ഓൺലൈനിൽ പണം നൽകുമ്പോൾ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ അടയാളം വീഡിയോ എടുത്ത് കൈമാറും. കഞ്ചാവ് പൊതികൾ ഒളിപ്പിക്കാൻ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്.
കുറ്റിപ്പുറം എക്‌സൈസ് ഇൻസ്‌പെക്‌ടർ പി എം അഖിൽ, അസി. എക്‌സൈസ് ഇൻസ്‌പെക്‌ടർമാരായ പി പ്രഗോഷ്, കെ ഗണേശൻ, പ്രിവന്റീവ് ഓഫീസർ എ വി ലെനിൻ, അഭിലാഷ് ചിക്കാടിമംഗലം, പി ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി പിടികൂടിയത്.









0 comments