തെരുവുവിളക്കുകൾ തെളിയും
ഡിവൈഎഫ്‌ഐ സമരം ഫലം കണ്ടു

നഗരസഭ തെരുവുവിളക്കുകള്‍ അറ്റകുറ്റപ്പണി നടത്താത്തതിനെ തുടര്‍ന്ന് ഇരുട്ടിലായ മലപ്പുറം നഗരം കടകളുടെയും രാത്രിയിൽ കടന്നുപോകുന്ന വാഹനങ്ങളുടെയും വെളിച്ചത്തിൽ

സ്വന്തം ലേഖകൻ
Published on Jul 18, 2025, 12:36 AM | 1 min read
മലപ്പുറം
നഗരസഭയിലെ ആറായിരത്തോളം തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നടത്തിയ സമരം ഫലം കണ്ടു. 21ന് തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കും. ഡിവൈഎഫ്‌ഐ സമരത്തെ തുടർന്ന് നടത്തിയ നഗരസഭ അധികൃതരുടെയും കരാർ കമ്പനിയായ കെൽ പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച കരാർ വെള്ളിയാഴ്‌ച നഗരസഭയും കെൽ കമ്പനിയും തമ്മിൽ ഒപ്പിടാനും തീരുമാനമായി. നറുക്കെടുപ്പിലൂടെയാകും വാർഡുകൾ തെരഞ്ഞെടുക്കുക. നഗരസഭ ചെയർമാൻ മുജീബ് കാടേരി, എൽഡിഎഫ് അംഗം ഒ സഹദേവൻ, കെൽ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ചൊവ്വാഴ്‌ചയാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുനിസിപ്പൽ എൻജിനിയർ പി ടി ബാബുവിനെ ഉപരോധിച്ചത്. 16 മാസമായി നഗരസഭയിലെ തെരുവുവിളക്കുകൾ കത്തുന്നില്ല. ഇതിനിടെ പല തവണ ഡിവൈഎഫ്‌ഐ ഇതുമായി ബന്ധപ്പെട്ട് സമരം നടത്തി. ഈ സമയത്ത് നഗരസഭ അധികൃതർ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാതെ വന്നതോടെയാണ് സമരവുമായി വീണ്ടും രംഗത്തുവന്നത്.
മലപ്പുറം നഗരം ഇരുട്ടിലാണ്
മലപ്പുറം
ഒന്നരവർഷത്തോളമായി മലപ്പുറം നഗരം ഇരുട്ടിലാണ്. തെരുവുവിളക്കുകൾ കത്തിയിട്ട് 16 മാസം കഴിഞ്ഞു. നഗരസഭാ ഭരണസമിതിയുടെ അലംഭാവത്തെ തുടർന്നാണ് തെരുവുവിളക്കുകൾ കണ്ണടച്ചത്. രാത്രി പത്തോടെ കടകൾ അടച്ചുകഴിഞ്ഞാൽ മലപ്പുറം കുന്നുമ്മൽ ടൗണിൽപോലും വെളിച്ചമില്ലാത്ത അവസ്ഥയാണ്. രാത്രികാലങ്ങളിൽ മലപ്പുറത്ത് എത്തുന്നവർ ഇരുട്ടിലാകുന്ന അവസ്ഥയിലാണ്. സ്‌ത്രീകൾ അടക്കമുള്ള യാത്രക്കാർ രാത്രികാലങ്ങളിൽ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. കടകളിലെയും വാഹനങ്ങളുടെയും വെളിച്ചമാണ് മലപ്പുറത്ത് എത്തുന്നവർക്ക് ഏക ആശ്വാസം. തെരുവുവിളക്കുകൾ കത്താത്തതിൽ കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്തുവന്നിരുന്നു.









0 comments