അമീബിക് മസ്‌തിഷ്‌കജ്വര പ്രതിരോധം

മരണനിരക്ക് പിടിച്ചുകെട്ടി; 50% രോഗമുക്തര്‍

a
avatar
പി അഭിഷേക്‌

Published on Oct 11, 2025, 01:15 AM | 1 min read

മലപ്പുറം

സംസ്ഥാനത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ മികവിന് തെളിവായി ജില്ലയിലെ അമീബിക് മസ്‌തിഷ്‌കജ്വര പ്രതിരോധക്കണക്ക്. ഈവര്‍‌ഷം രോഗം ബാധിച്ചവരില്‍ 50 ശതമാനംപേരും മുക്തിനേടി ആശുപത്രി വിട്ടു. അസുഖബാധിതരായ 22 പേരില്‍ 11 പേര്‍ക്കും രോഗം ഭേദമായി. നിലവില്‍ മൂന്നുപേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഏഴുപേര്‍ മരണത്തിന് കീഴടങ്ങി. 32 ശതമാനമാണ് മരണനിരക്ക്. ഒരു മരണം സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് ഓഡിറ്റിന്റെ പരിഗണനയിലുമുണ്ട്. ഇത് അമീബിക് മസ്‌തിഷ്‌കജ്വരം കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച് ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗമാണ് അമീബിക് മസ്‌തിഷ്‌കജ്വരം. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരുടെ നിതാന്ത പരിശ്രമത്തിലൂടെ ജില്ലയിലെ മരണനിരക്ക് ഇത്രയും കുറച്ചത്.

ആകെ രോഗം ബാധിച്ചവരില്‍ എട്ടുപേര്‍ (36 ശതമാനം) 18 വയസ്സിന് താഴെയുള്ളവരാണ്. രോഗമുക്തി നേടിയവരില്‍ ആറുപേരും കുട്ടികളാണ് (54.5 ശതമാനം). കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മികച്ച പരിചരണത്തിലൂടെയാണ് ഓരോരുത്തരെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

തലച്ചോറിനെ ബാധിച്ച പനിയുമായെത്തുന്ന എല്ലാവരുടെയും സ്രവം പരിശോധിക്കുന്നതിനാലാണ് സംസ്ഥാനത്ത് കൂടുതല്‍ അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നത്. സ്രവത്തില്‍ അമീബയുടെ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്താന്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൗകര്യമുണ്ട്. മൈക്രോ ബയോളജി ലാബിലെ മൈക്രോസ്‌കോപിക് പരിശോധനയില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്താനാകും. അമീബയുടെ സാന്നിധ്യം കണ്ടെത്തുന്നതുമുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. തിരുവനന്തപുരത്തെ വൈറോളജി ലാബില്‍നിന്ന് സ്ഥിരീകരണമെത്തും മുമ്പ് ചികിത്സ ആരംഭിക്കുന്നതും നേട്ടമാണ്.




deshabhimani section

Related News

View More
0 comments
Sort by

Home