'സ്ത്രീ' ക്യാമ്പയിന് തുടക്കം

ആരോഗ്യം സ്ത്രീകള്‍ക്കും സമൂഹത്തിനും

a
avatar
പി അഭിഷേക്‌

Published on Sep 17, 2025, 12:41 AM | 1 min read

മലപ്പുറം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ആരോഗ്യസേവനങ്ങള്‍ നല്‍കുന്നതിന് ജനകീയാരോഗ്യ കേന്ദ്രങ്ങളിലൂടെ നടപ്പാക്കുന്ന "സ്ത്രീ' (സ്ട്രെങ്ത്തനിങ് ഹേര്‍ ടു എംപവര്‍ എവരിവണ്‍) ക്യാമ്പയിന് ജില്ലയില്‍ തുടക്കം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ "സ്വസ്ഥ് നാരി സശക്ത് പരിവാര്‍' ക്യാമ്പയിന്റെ വിപുലീകരിച്ച മാതൃകയായി 2026 മാര്‍ച്ച് എട്ടുവരെയാണ് സംസ്ഥാന സര്‍ക്കാര്‍ "സ്ത്രീ' ക്യാമ്പയിന്‍ നടപ്പാക്കുന്നത്. കൃത്യമായ പരിശോധനയിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

ഇതിന്റെ ഭാഗമായി ജനകീയാരോഗ്യ കേന്ദ്രങ്ങളില്‍ എല്ലാ ചൊവ്വാഴ്‌ചയും രാവിലെ ഒമ്പതുമുതൽ പകല്‍ ഒന്നുവരെ "സ്ത്രീ' ക്ലിനിക് നടത്തും. സ്ത്രീകളിലെ വിളർച്ച, പ്രമേഹം, രക്തസമ്മർദം, വായിലെ അര്‍ബുദം, ഗർഭാശയഗള അര്‍ബുദം തുടങ്ങിയവ പരിശോധിക്കും. ഗർഭിണികൾക്കുള്ള ഫോളിക് ആസിഡ്, അയൺ, കാത്സ്യം ഗുളികകൾ ഉൾപ്പെടെയുള്ള മരുന്നുകള്‍ നല്‍കും. കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്‌പ്‌, ഗർഭകാല പരിചരണം, മുലയൂട്ടൽ, അസാധാരണ രക്തസ്രാവം, ആർത്തവ വിരാമം എന്നിവയെക്കുറിച്ചും ബോധവല്‍ക്കരിക്കും.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അയൽക്കൂട്ട പരിശോധനകള്‍ നടത്തും. ജനകീയാരോഗ്യകേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ, നഴ്‌സ്‌ എന്നിവർ നേതൃത്വം നൽകും. തുടർപരിശോധനയും ചികിത്സയും ആവശ്യമുള്ളവർക്ക് കുടുംബാരോഗ്യകേന്ദ്രങ്ങൾ, ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രങ്ങൾ, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിലൂടെ സേവനം നൽകും. ഇതിനായി ആഴ്ചയിലൊരിക്കൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഡെന്റൽ, ഫിസിയാട്രി ഡോക്‌ടർമാരുടെ സേവനം ലഭ്യമാക്കും.



deshabhimani section

Related News

View More
0 comments
Sort by

Home