മിന്നൽ പ്രളയം
നേപ്പാളിൽ കുടുങ്ങിയ യുവാക്കൾ തിരികെയെത്തി

യുവാക്കൾ നേപ്പാൾ സന്ദർശിച്ചപ്പോൾ
കായംകുളം
നേപ്പാളിലുണ്ടായ കനത്തപ്രളയത്തിലും മണ്ണിടിച്ചിലിലും കുടുങ്ങിയ മലയാളി യുവാക്കൾ പ്രതിസന്ധികൾ തരണംചെയ്‌ത് നാട്ടിൽ തിരിച്ചെത്തി. കായംകുളം സ്വദേശി സഫർ അഫ്‌ലഹ്, സുഹൃത്ത് അസദുള്ള എന്നിവരാണ് ചൊവ്വ ഉച്ചയോടെ നാട്ടിലെത്തിയത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡൽഹിയിലെത്തിയ ഇവർ നേപ്പാൾ സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞമാസം 21-ന് റൂപൈദിയ അതിർത്തി വഴി നേപ്പാൾ ഗഞ്ചിലെത്തിയ യുവാക്കൾ, ഡോൾപ ജില്ലയിലെ വിഖ്യാതമായ ‘ഷെയ് ഫോക്‌സുംഡോ’ നാഷണൽ പാർക്കിലേക്ക് 110 കിലോമീറ്ററോളം അഞ്ച് ദിവസത്തെ ട്രക്കിങ് നടത്തി. ട്രക്കിങ് പൂർത്തിയാക്കി തിരിച്ചിറങ്ങിയപ്പോഴാണ് കാഠ്മണ്ഡു അടക്കമുള്ള പ്രദേശങ്ങളിൽ പ്രളയവും ഉരുൾപൊട്ടലും നാശംവിതച്ച വിവരമറിയുന്നത്.
നദികൾ കരകവിഞ്ഞൊഴുകിയതോടെ ഗതാഗതം നിലച്ചു. മടക്കയാത്രയിൽ ത്രിപുരാകോട്ട്, ജേജർകോട്ട് എന്നീ ഉൾനാടൻ ഗ്രാമങ്ങളിൽ ദിവസങ്ങളോളം കുടുങ്ങിക്കിടന്നു. പ്രതിസന്ധിഘട്ടത്തിൽ ഇവിടുത്തെ ജനങ്ങൾ ഇവർക്ക് ഭക്ഷണവും താമസസൗകര്യവുമൊരുക്കി. പിന്നീട് മലവെള്ളപ്പാച്ചിലിലൂടെ സർവീസ് നടത്തിയ ചരക്കുലോറികളിൽകയറി അതിർത്തിയിലെത്തി. സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് യുവാക്കളും കുടുംബവും.









0 comments