സംസ്ഥാന അധ്യാപക പുരസ്കാരം

ജി അലേഷ്യസ്
Published on Sep 02, 2026, 01:12 AM | 2 min read
ആലത്തൂരിന്റെ ദിശയറിഞ്ഞ ജോൺസൺ
ആലത്തൂർ
പുതിയങ്കം ജിയുപി സ്‌കൂളിനെ നയിച്ച വി ജെ ജോൺസണെ തേടി സംസ്ഥാന അധ്യാപക പുരസ്‌കാരം. അധ്യാപന രംഗത്തെ ദീർഘകാലത്തെ അനുഭവസമ്പത്തും വൈവിധ്യമാർന്ന വിദ്യാഭ്യാസ പദ്ധതികൾക്ക് നേതൃത്വം നൽകിയതുമാണ് പുതിയങ്കം ജിയുപിഎസിലെ പ്രധാനാധ്യാപകൻ വി ജെ ജോൺസണെ യുപി വിഭാഗം അധ്യാപക പുരസ്‌കാരത്തിന് അർഹനാക്കിയത്. വയനാട് വെള്ളമുണ്ട ഒഴുക്കൻമൂല സ്വദേശിയായ ജോൺസൺ 1997ലാണ് അധ്യാപകനായി പാലക്കാട്ടെത്തുന്നത്. മുതലമട, വടവന്നൂർ, കാട്ടുശേരി ജിഎൽപി സ്‌കൂൾ എന്നിവിടങ്ങളിലും ജോലി ചെയ്തു. ആലത്തൂർ ബിആർസിയിൽ മൂന്നുവർഷം ട്രെയിനറായും മൂന്നുവർഷം ബിപിസിയായും കണ്ണമ്പുള്ളി ജിയുപിഎസ് പ്രധാനാധ്യാപകനായും പ്രവർത്തിച്ചു. കെഎസ്ടിഎ ആലത്തൂർ ഉപജില്ലാ സെക്രട്ടറി മുതൽ ജില്ലാ ട്രഷറർവരെയുള്ള ചുമതലകൾ വഹിച്ചു. ആലത്തൂർ താലൂക്ക് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് കോ– ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായിരുന്നു.
കെ ഡി പ്രസേനൻ എംഎൽഎയുടെ നേതൃത്വത്തിൽ 2016 ൽ രൂപീകരിച്ച നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ സ്ഥാപക കൺവീനറാണ്.
എന്റെ കുട്ടിപ്പുസ്തകം, ഊഷ്മളം, കൂട്ടുകൂടാൻ, ഒപ്പമെത്തും, റിങ് മാസ്റ്റർ, കൺസൾട്ട് യുവർ ടീച്ചർ, ടാലന്റ്, സഹപാഠിക്ക് ഒരു വീട്, ക്ലീൻ ഡ്രൈവ്, ലഹരിവിരുദ്ധ ക്യാമ്പയിൻ എന്നിങ്ങനെ നീളുന്നു പ്രവർത്തനങ്ങൾ. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി. കൈറ്റ് വിക്ടേഴ്സിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മൂന്ന് സീസണിൽ വിദ്യാലയത്തെ നയിച്ചു. ഭാര്യ: ബിന്ദു (അധ്യാപിക, അക്കര എൻഎംയുപിഎസ്). മക്കൾ: സ്നേഹ, സ്റ്റീവ്.
മികവിന് അംഗീകാരം
മണ്ണാർക്കാട്
സംസ്ഥാന ഹയർസെക്കൻഡറി വിഭാഗം അധ്യാപക പുരസ്‌കാരം കല്ലടിക്കോട് സ്വദേശി പി ഭാസ്കരന്. കല്ലടിക്കോട് കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം വിഭാഗം അധ്യാപകനാണ്. സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.
പൊതുജന പങ്കാളിത്തത്തോടെ ‘ബുക്ക് നൊസ്റ്റാൾജിയ’ ലൈബ്രറി, രോഗികൾക്കും കൂട്ടിയിടിപ്പുകാർക്കും ഭക്ഷണം നൽകുന്ന പാഥേയം പദ്ധതി, ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ, കോവിഡ് കാലത്ത് ആവിഷ്കരിച്ച സ്മാർട്ട്ഫോൺ ലൈബ്രറി, സ്നേഹഭവനം പദ്ധതി, മീഡിയ ക്ലബ്, കരിമ്പ ടൈംസ് പത്രം, വിവിധ ഷോർട്ട് ഫിലിമുകൾ, തേൻകൃഷി പദ്ധതി എന്നിവയിലെ മേന്മയ്ക്കാണ് പുരസ്‌കാരം. 2025ലെ അഖിലേന്ത്യാ ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരു ശ്രേഷ്ഠ പുരസ്‌കാരം, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഗുരുജ്യോതി പുരസ്കാരം, 2026 അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചർ പുരസ്‌കാരം, ഹയർ സെക്കൻഡറി സ്കൂൾ അസോസിയേഷന്റെ മികച്ച അധ്യാപക പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ഭാര്യ: സുമദേവി. മക്കൾ: അഭിരാം, അനുപമ.










0 comments